ഒരു കോഴിയും കുറെ നാട്ടുകാരും വീട്ടുകാരും അവരുടെ ഇടയിലെ വെടിച്ചില്ല് പ്രശ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും… ആന്‍റണി വര്‍ഗ്ഗീസ് നായകനായെത്തുന്ന പുതിയ ചിത്രം ‘പൂവൻ’ വിളിച്ചുണർത്തുന്നത് ഇത്തരത്തിലുള്ള സംഭവങ്ങളിലേക്കാണ്.
സിനിമയുടെ റിലീസിന് മുന്നോടിയായി ഏറെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു കോഴിക്കുഞ്ഞ് പതിയെ പതിയെ ആ വീട്ടിലുള്ളവരുടെ ഓമനയായി മാറുന്നതും ലക്ഷണമൊത്തൊരു വെളുവെളുത്ത പൂവൻ കോഴിയായി വളരുന്നതും പിന്നീടുള്ള സംഭവങ്ങളുമൊക്കെ ചേർത്തുവെച്ചൊരുക്കിയിരിക്കുന്ന ചിത്രം ജനുവരി 20നാണ് തിയേറ്ററുകളിലെത്തുന്നത്.
തനി നാട്ടിൻപുറത്തെ ഒരുപിടി കിടിലൻ കഥാപാത്രങ്ങള്‍ തന്നെ സിനിമയിലുണ്ടെന്നാണ് ട്രെയ്‌ലറിൽ നിന്ന് ലഭിക്കുന്ന സൂചന. സ്വഭാവിക അഭിനയമുഹൂർത്തങ്ങളും നര്‍മ്മം തുളുമ്പുന്ന സംഭാഷങ്ങളുമൊക്കെ ട്രെയിലറിലുണ്ട്. സിനിമയിലേതായി പുറത്തിറങ്ങിയ ‘ചന്തക്കാരി’, ‘പള്ളിമേടയിൽ’ തുടങ്ങിയ പാട്ടുകള്‍ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.