അമിതനിരക്കും യാത്രക്കാരോട് മോശം പെരുമാറ്റവുമെന്ന പരാതിയില്‍ പാലക്കാട് നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി. മീറ്റര്‍ ഉപയോഗിക്കാത്തത് ഉള്‍പ്പെടെയുള്ള നിയമലംഘനത്തില്‍ അറുപത്തി അഞ്ച് ഓട്ടോകള്‍ക്ക് ടൗണ്‍ സൗത്ത് പൊലീസ് പിഴ ചുമത്തി. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഓട്ടോറിക്ഷ ഓട്ടം വിളിച്ചായിരുന്നു പരിശോധന.
ഈ ദൃശ്യങ്ങള്‍ കണ്ട് ഓട്ടോറിക്ഷ സ്റ്റാന്‍ഡെന്ന് തെറ്റിദ്ധരിക്കരുത്. സൗത്ത് സ്റ്റേഷന് മുന്നില്‍ ഇങ്ങനെ നിരനിരയായി അറുപത്തി അഞ്ച് ഓട്ടോറിക്ഷകള്‍ വന്നു നിന്നു. വാഹനത്തില്‍ നിന്നിറങ്ങി നേരെ സ്റ്റേഷന്റെ ഉള്ളിലേക്ക് കയറിയവരെക്കണ്ടാണ് ഡ്രൈവര്‍മാരുടെ കണ്ണ് തള്ളിയത്. കുറച്ച് മുന്‍പ് ഓട്ടം വിളിച്ചവരെല്ലാം പൊലീസുകാരെക്കണ്ടപ്പോള്‍ അറ്റന്‍ഷനായി. പരാതിക്ക് പിന്നാലെയുള്ള വണ്ടി പിടിത്തമെന്ന് തിരിച്ചറിയാന്‍ ഓട്ടോറിക്ഷക്കാര്‍ അല്‍പം വൈകി. കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ന്യായമായ നിരക്കേ വാങ്ങിയുള്ളൂ എന്ന മറുപടി. നഗരത്തിലായത് കൊണ്ട് മീറ്ററിന്റെ ആവശ്യമില്ലെന്നും വിശദീകരണം.
അഞ്ച് വനിതാ പൊലീസുകാരുടെ ഒന്നരമണിക്കൂറത്തെ പരിശ്രമത്തിലാണ് അറുപത്തി അഞ്ച് ഓട്ടോറിക്ഷകളുടെ നിയമലംഘനം കണ്ടെത്തിയത്. ഭൂരിഭാഗം ഡ്രൈവര്‍മാരും മീറ്റര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് മാത്രമല്ല അമിതനിരക്കും ഈടാക്കി. പിഴചുമത്തിയാണ് ഇവരെ തിരിച്ചയച്ചത്. ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.