അജിത് പവാറിന്റെ എന്‍സിപിക്ക് നേട്ടം,

0
93

മന്ത്രിസഭാ വിപുലീകരണത്തില്‍ ധനകാര്യവും മറ്റ് ആറ് വകുപ്പുകളും അജിത് പവാറിന്റെ എന്‍സിപി വിഭാഗം നേടി. ധനകാര്യവും ആസൂത്രണവും, ഭക്ഷ്യ-സിവില്‍ സപ്ലൈസ്, സഹകരണ, വനിതാ ശിശു വികസനം, കൃഷി, ദുരിതാശ്വാസ, പുനരധിവാസം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ എന്നിവയാണ് അജിത് പവാര്‍ വിഭാഗം സ്വന്തമാക്കിയത്.

എന്നാല്‍ നഗരവികസനം, ആഭ്യന്തരം, ധനകാര്യം, റവന്യൂ എന്നീ നാല് വകുപ്പുകളില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് ഒന്നുമാത്രമേ ലഭിച്ചുള്ളൂ. വകുപ്പുകളുടെ വിതരണത്തിന്റെ പട്ടിക ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍ സ്ഥിരീകരിച്ചു. പട്ടികയ്ക്ക് അന്തിമരൂപം സമര്‍പ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇന്ന് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ എത്തിയിരുന്നു. ഗവര്‍ണര്‍ അംഗീകരിച്ച ലിസ്റ്റ് തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറും.

ധനകാര്യ, ആസൂത്രണ വകുപ്പുകളെച്ചൊല്ലി അജിത് പവാറിന്റെ ക്യാമ്പും ഏകനാഥ് ഷിന്‍ഡെ വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് മഹാരാഷ്ട്ര മന്ത്രിസഭാ വികസനം വൈകാന്‍ കാരണമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്‍സിപിക്ക് ധനകാര്യ, സഹകരണ മന്ത്രാലയങ്ങള്‍ ഉറപ്പാക്കുന്നതില്‍ പവാര്‍ ഉറച്ചുനിന്നെങ്കിലും ഷിന്‍ഡെ ക്യാമ്പിന് ഇതില്‍ അതൃപ്തിയുണ്ടെന്ന് വൃത്തങ്ങള്‍ സൂചന നൽകിയിരുന്നു.

ജൂലായ് 2 ന് അപ്രതീക്ഷിതമായാണ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി പിളര്‍ന്ന് അദ്ദേഹത്തിന്റെ അനന്തരവന്‍ അജിത് പവാറും ഏകദേശം മൂന്ന് ഡസനോളം എംഎല്‍എമാരും ഭരണകക്ഷിയായ ശിവസേന-ബിജെപി സഖ്യത്തില്‍ ചേര്‍ന്നത്. പിന്നാലെ അജിത് പവാറും മറ്റ് എട്ട് എന്‍സിപി നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രിക്കും രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും പുറമെ ബി.ജെ.പി.യില്‍ നിന്ന് ഒമ്പത് മന്ത്രിമാരും ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്ന് ഒമ്പത് മന്ത്രിമാരും എന്‍.സി.പി.യില്‍ നിന്ന് ഒമ്പത് മന്ത്രിമാരുമാണ് മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഇപ്പോള്‍ ഉള്ളത്. ഇതില്‍ പരമാവധി 43 അംഗങ്ങള്‍ ആകാം. അതേസമയം മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാല സമ്മേളനം ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 4 വരെ നടക്കും. സമ്മേളനത്തിന് മുമ്പ് മന്ത്രിസഭാ വിപുലീകരണത്തിന് സാധ്യതയില്ലെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here