ലണ്ടൻ: ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) ചരിത്രത്തിലാദ്യമായി നഴ്സുമാർ പണിമുടക്കി. റോയൽ കോളജ് ഓഫ് നഴ്സിങ് യൂണിയന്റെ നേതൃത്വത്തിൽ ഒരുലക്ഷത്തോളം നഴ്സുമാർ പണിമുടക്കിയതോടെ 76 സർക്കാർ ആശുപത്രികളുടെയും ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടു.അമിത ജോലിഭാരം ചൂണ്ടിക്കാട്ടിയും ശമ്പള വർധനവും ആവശ്യപ്പെട്ടാണ് പണിമുടക്ക്. നാണ്യപ്പെരുപ്പം 10 ശതമാനത്തിലേറെ ആയതിനാൽ ജീവിതച്ചെലവു വർധിച്ചുവെന്നും 19% ശമ്പളവർധന വേണമെന്നുമാണ് നഴ്സിങ് യൂണിയന്റെ ആവശ്യം.
കീമോതെറപ്പി, ഡയാലിസിസ്, ഇന്റൻസീവ് കെയർ മേഖലകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ മാസം 20നും പണിമുടക്കുമെന്ന് നഴ്സിങ് യൂണിയൻ അറിയിച്ചിട്ടുണ്ട്. എൻഎച്ച്എസിന്റെ കീഴിൽ സർക്കാർ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന രീതിയാണ് ബ്രിട്ടനിൽ നിലവിലുള്ളത്.
അതേസമയം ശമ്പള വിഷയത്തിൽ സ്വതന്ത്ര സമിതി നിശ്ചയിച്ച 4-5 ശതമാനത്തിൽ കൂടുതൽ വർധന സാധ്യമല്ലെന്നാണ് സർക്കാർ നിലപാട്. ഇതിൽ കൂടുതൽ വർധന വരുത്തിയാൽ മറ്റു സേവന മേഖലകളെ ബാധിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീവ് ബാർക്ലേ പറയുന്നു. ശമ്പളക്കാര്യത്തിൽ ചർച്ചയ്ക്കു പോലും സർക്കാർ തയാറാകുന്നില്ലെന്ന് യൂണിയൻ ആരോപിക്കുന്നു. റെയിൽ, പോസ്റ്റൽ, വ്യോമഗതാഗത സർവീസുകളിലും ഈ മാസം പണിമുടക്ക് നടന്നിരുന്നു. ക്രിസ്മസ് കാലത്ത് വിമാനത്താവളങ്ങൾ ഉൾപ്പെടെ സേവനങ്ങൾ തടസ്സപ്പെട്ടേക്കുമെന്ന ആശങ്കയുണ്ട്.
നഴ്സുമാരുടെ പണിമുടക്കിനു മുൻപ് നടത്തിയ സർവേയിൽ ജനം നഴ്സുമാരെ പിന്തുണച്ചിരുന്നു. സേവനമേഖലകൾ ഒന്നൊന്നായി തടസ്സപ്പെടുമ്പോൾ ജനത്തിന്റെ പ്രതികരണം എന്താകുമെന്ന ആശങ്കയിലാണ് സർക്കാർ.