ഒരു മുത്തശ്ശി കഥ പറഞ്ഞാണ് സിനിമയുടെ തുടക്കവും. ‘കാഞ്ഞിരങ്ങാട്ട്’ തറവാടിന്റെയും ‘ഇല്ലിമലക്കാടി’ന്റെയും വിശേഷങ്ങള്‍ കുട്ടിക്ക് മുത്തശ്ശി പറഞ്ഞുകൊടുക്കുകയാണ്. ആ മുത്തശ്ശിക്കഥയുടെ ചാരുത സിനിമയിലുടനീളമുണ്ട് താനും. ദേവലോകത്ത് നിന്ന് വന്ന ദേവത ഭൂമിയില്‍ താമസമാക്കുന്നതും മനുഷ്യനുമായി പ്രണയത്തിലാകുന്നതും രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ചുമാണ് കഥയുടെ തുടക്കത്തില്‍ പറയുന്നത്. ആ കുഞ്ഞുങ്ങള്‍ ക്രൂരൻമാരായ രണ്ട് വിചിത്ര രൂപങ്ങളാകുകയും ആള്‍ക്കാര്‍ക്ക് നാശം വരുത്തുകയും ചെയ്യുന്നു.
മനംനൊന്ത ദേവതയ്‍ക്ക് മക്കളെ ഉപേക്ഷിച്ച് മടങ്ങേണ്ടി വരുന്നു. ‘ഇല്ലിമലക്കാടിലെ ചാത്തന്’ ഇഷ്‍ടമുണ്ടായിരുന്ന ‘ചൊക്കൻ’ എന്ന കുട്ടിയെ ‘കാഞ്ഞിരങ്ങാട്ടെ കാരണവര്‍’ ‘തുപ്പൻ തമ്പുരാൻ’ കൊല്ലുന്നു. അത് ‘ഇല്ലിമല ചാത്ത’ന്റെ ശാപത്തിന് കാരണമാകുന്നു. ‘ഇല്ലിമല ചാത്തന്റെ’ ചെയ്‍തികളില്‍ നിന്ന് രക്ഷ നേടാൻ ‘കാരിദേവ’ന്റെ സഹായം തേടുന്നു. അത് മറ്റ് വലിയ ക്രൂരതകള്‍ക്കാണ് ഇടവരുത്തുന്നത്. അങ്ങനെ ഒരു ശാപം പിടിച്ച തറവാട്ടിലേക്കാണ് ‘കുമാരി’ എന്ന നിഷ്‍കളങ്കയായ പെണ്‍കുട്ടി ഇളമുറത്തമ്പുരാന്റെ വധുവായി വരുന്നത്. തുടര്‍ന്നുള്ള സംഭവങ്ങളുടെ കാഴ്‍ചയാണ് ‘കുമാരി’ എന്ന സിനിമയില്‍.
നിര്‍മല്‍ സഹദേവാണ് ‘കുമാരി’ സംവിധാനം ചെയ്‍തിരിക്കുന്നത്.’കുമാരി’ എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിച്ചിരിക്കുന്നത് ഐശ്വര്യ ലക്ഷ്‍മിയാണ്.ഷൈൻ ടോം ചാക്കോയുടെ ‘ധ്രുവൻ’ ആണ് വിവിധ ഷെയ്‍ഡുകളുള്ള മറ്റൊരു കഥാപാത്രം.ഇത്തരമൊരു ഴോണറില്‍ കഥ പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട ജാഗ്രതയോടെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്യാൻ ഗോകുല്‍ ദാസിന് കഴിഞ്ഞിട്ടുണ്ട്. കഥയാവശ്യപ്പെടുന്ന വിവിധ കാലഘട്ടങ്ങളിലെയും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ചുള്ള കോസ്റ്റ്യൂം ഡിസൈനാണ് സ്റ്റൈഫി സേവ്യറുടേത്.