ന്യൂദല്‍ഹി: ഇന്ത്യയില്‍ ഉടനീളമുള്ള പൊലീസ് സേനയ്ക്ക് പൊതുവായ യൂണിഫോം എന്ന ആശയം മുന്നോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ക്കൊപ്പം ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന ചിന്തന്‍ ശിവിരില്‍ വെച്ചായിരുന്നു നരേന്ദ്ര മോദി ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിന് സമയമെടുക്കും എന്നും എന്നാല്‍ ആലോചന ആരംഭിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഈ ആശയം അവതരിപ്പിക്കുമ്പോള്‍ കുറ്റകൃത്യം അന്തര്‍സംസ്ഥാനവും അന്തര്‍ദേശീയവുമായി മാറുകയാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു.ക്രമസമാധാനം എന്നത് ഒരു സംസ്ഥാനത്തിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. കുറ്റകൃത്യങ്ങള്‍ അന്തര്‍സംസ്ഥാനത്തും അന്തര്‍ദേശീയമായും മാറുന്നു എന്നും സാങ്കേതികവിദ്യ ഉപയോഗിച്ച്, ക്രിമിനലുകള്‍ക്ക് ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളിലെ ക്രമസമാധാനമെന്നത് അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണ് എങ്കിലും രാജ്യത്തിന്റെ ഐക്യത്തെയും ബാധിക്കുന്നാണ്. അതിര്‍ത്തിക്ക് അപ്പുറത്തുള്ള കുറ്റവാളികള്‍ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നും എല്ലാ സംസ്ഥാനങ്ങളുടെയും ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനവും കേന്ദ്ര ഏജന്‍സികളുടെ ഇടപെടലും ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.