തിരുവനന്തപുരം : വനിത സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ച് യുവാവ് മരിച്ചു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി. പാറശ്ശാല മൂര്യങ്കര ജെ പി ഹൗസില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍ രാജ് ( 23 ) ആണ് മരിച്ചത്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ അവാസന വര്‍ഷ ബി എസ് സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. 14ാം തീയതിയായിരുന്നു ഷാരാണ്‍ പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിക്കുന്നത് . തുടര്‍ന്ന് 25ാം തീയതിയോടെ മരണപ്പെടുകയായിരുന്നു .
ദിവസങ്ങള്‍ക്ക് മുമ്പ് കളിയിക്കാവിളയില്‍ 11കാരനായ അശ്വിന്‍ മരണപ്പെട്ടതും സമാനമായിരുന്നു. ഇതോടെ സംഭവത്തില്‍ വലിയ ദുരൂഹതയാണ് ഉയര്‍ന്നത്. ഇക്കഴിഞ്ഞ 14ാം തീയതി ഷാറോണും സുഹൃത്ത് റെജിനും ഷാരോണിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. സുഹൃത്ത് റെജിനെ പുറത്ത് നിറുത്തി ഷാരോണ്‍ തനിച്ചാണ് വീടിന് ഉള്ളില്‍ പോയത്.
കുറച്ച് കഴിഞ്ഞ് വീടിന് പുറത്ത് വന്ന ഷാരോണ്‍ പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതായി റെജിനോട് പറഞ്ഞു. പിന്നീട്, അവശനായതിനാല്‍ തന്നെ വീട്ടില്‍ എത്തിക്കാനും റെജിനോട് ആവശ്യപ്പെടുകയായിരുന്നു. വീട്ടില്‍ എത്തിയപ്പോഴേക്കും ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനിലയിലായിരുന്നു. തുടര്‍ന്ന് ഷാരോണിനെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ വച്ച് നടത്തിയ പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്താത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാന്‍ സാധിച്ചില്ല. ഡോക്ടകെ കാണിച്ചെങ്കിലും മരുന്ന് കൃത്യമായി കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായി. 17 -ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ഒരു വര്‍ഷത്തോളമായി പരിചയമുള്ള പെണ്‍സുഹൃത്തിനെ കാണാനാണ് ഷാരോണ്‍ പോയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ജ്യൂസ് കുടിച്ചതായി യുവാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ ദ്രവിച്ചു പോയിട്ടുണ്ട്. ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍ രാജ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അതേസമയം, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. പെണ്‍കുട്ടി വിളിച്ചതനുസരിച്ച് റെക്കോര്‍ഡ് വാങ്ങാനാണ് ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്ന് വീട്ടുകാര്‍ പറയുന്നു. ഷാരോണും യുവതിയും പ്രണയത്തിലായിരുന്നെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പൊലീസിന് പരാതി നല്‍കി.