പഴവർഗ്ഗങ്ങളിൽ ഏറ്റവും പോഷക ഗുണങ്ങളടങ്ങിയ നേന്ത്രപ്പഴം പ്രകൃതി നൽകിയ വിറ്റാമിൻ ടോണിക്കാണെന്ന് സംശയിക്കേണ്ട.
ശരീര കോശങ്ങളുടെ പുനർനിർമ്മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങൾ ധാരാളം ഉള്ളതുകൊണ്ടും, വളരെ പെട്ടെന്ന് ദഹിക്കത്തക്കവിധം ലഘുവായതുകൊണ്ടും, ശീഘ്രത്തിൽ ഉന്മേഷം നല്കുന്നതിനാലും രോഗികൾക്ക് ഇത് പൂർണ്ണ വിശ്വാസത്തോടെ ഉപയോഗിക്കാം.
ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുലവണങ്ങളും, നിയാസിൻ, റിബോഫ്ലേവിൻ തുടങ്ങിയ വിറ്റാമിനുകളും ഇതിലടങ്ങിയിരിക്കുന്നു. വളരെ ഉയർന്ന തോതിൽ കലോറി മൂല്യം നേന്ത്രപ്പഴത്തിലുണ്ട്. ഏതാണ്ട് 200ൽ കൂടുതൽ കലോറി ശരീരത്തിന് നല്കാൻ സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിനു കഴിയും.
ഭക്ഷിച്ചു കഴിഞ്ഞാൽ നേന്ത്രപ്പഴത്തിലടങ്ങിയിട്ടുള്ള ഫ്രക്ടോസ് എളുപ്പത്തിൽ തന്നെ ഊർജമായി മാറുന്നു. പ്രോട്ടീൻ, സ്റ്റാർച് എന്നിവ കൂടാതെ മഗ്നീഷ്യം, സർഫർ, അയൺ, കോപ്പർ, കാൽസ്യം, എന്നീ ധാതുക്കളും നേന്ത്രപ്പഴത്തിൽ വളരെക്കൂടുതലായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് താരതമ്യേന കുറവാണ്.
രക്തത്തിലെ അമ്ലത്വം കുറക്കാൻ നേന്ത്രപ്പഴം വളരെയധികം സഹായിക്കും. വിറ്റാമിൻ സി, ജീവകം എ.ബി.ഡി. ഇ എന്നിവയും നേന്ത്രപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴത്തിന്റെ കൂട്ടത്തിൽ ചൂട് പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. വളരുന്ന കുട്ടികൾക്ക് നേന്ത്രപ്പഴവും, പാലും ഒരു സമ്പൂർണ്ണ ആഹാരമാണ്. എന്നാൽ ശരീരത്തിന് അമിത വണ്ണം ഉള്ളവർ പാൽ ഒഴിവാക്കുന്നത് നല്ലതാണ്.
നേന്ത്രപ്പഴത്തിന് രസായനഗുണം ഉള്ളതിനാൽ യുവത്വം നില നിർത്താൻ ഉപകരിക്കും. ശരീരം പുഷ്ടിപ്പെടുത്താനും ആരോഗ്യം പരിരക്ഷിക്കാനും ഇത് ഏറ്റവും ശ്രേഷ്ഠകരമാണ്. നേന്ത്രപ്പഴം മാത്രം ഭക്ഷിച്ച് മാസങ്ങളോളം തന്നെ ജീവിക്കുവാൻ സാധിക്കും.
വൃക്ക സംബന്ധമായ രോഗങ്ങളിലും, കുടലിനെ ബാധിക്കുന്ന രോഗങ്ങളിലും നേന്ത്രപ്പഴം മരുന്നായി ഉപയോഗിക്കാം. അപപോഷണം (malnutrition) കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്കും ജീവകങ്ങളുടെ കുറവുമൂലം ഉണ്ടാകുന്ന രക്തപിത്തം തുടങ്ങിയ രോഗങ്ങൾക്കും ചികിത്സയായി ഇതുപയോഗിക്കുന്നു.
കണ്ണിന്റെ ആരോഗ്യത്തിനും, കർമ്മക്ഷമതയ്ക്കും, ജീവകം ‘A’ യും ദന്തങ്ങളുടെ സംരക്ഷണത്തിന് കാൽസ്യവും ഒഴിച്ച് കൂടാൻ വയ്യാത്തതാണ്. ഈ രണ്ടു ഘടകങ്ങളും ഉൾക്കൊള്ളുന്നതുകൊണ്ട് നേത്ര-ദന്ത രോഗികൾ നേന്ത്രപ്പഴം ധാരാളമായി ഉപയോഗിക്കണം. ഇരുമ്പ് ധാരാളമായിട്ടുള്ളതിനാൽ രക്തക്കുറവ് കൊണ്ടുണ്ടാകുന്ന വിളർച്ചയും, വയറുകടി, ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായും ഇത് ഉപയോഗപ്പെടുത്താം.