സിസ്റ്റർ അഭയ കൊലക്കേസ്: ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ (Sister Abhaya Case Verdict)

0
111

അഭയ കൊല്ലപ്പെട്ട് 28 വർഷത്തിനുശേഷമാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ ശിക്ഷാവിധി ഡിസംബർ 23 ബുധനാഴ്ച പ്രസ്താവിക്കും.

തിരുവനന്തപുരം:  സിസ്‌റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ 28 വര്ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. കേസിൽ കൊലക്കുറ്റം തെളിഞ്ഞതായി സി.ബി.ഐ കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി ഡിസംബര് 23 ബുധനാഴ്ച പ്രസ്താവിക്കും. സത്യം തെളിഞ്ഞുവെന്നും, ദൈവത്തിനും കോടതിക്കും നന്ദിയെന്നും, അഭയയുടെ മാതാപിതാക്കൾ പ്രതികരിച്ചു.

ഒരു വർഷത്തിന് മുൻപാണ് സിബിഐ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചു. പത്തോളം പേര് വിചാരണയ്ക്കിടെ മൊഴി മാറ്റി. മജിസ്ട്രേറ്റിനു മുന്നില് രഹസ്യമൊഴി നല്കിയശേഷം പിന്മാറിയ സഞ്ജു പി. മാത്യുവിനെതിരേ സി.ബി.ഐ. നിയമനടപടി ആരംഭിച്ചിട്ടുണ്ട്. 1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെന്ത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ യഥാക്രമം ഒന്നും മൂന്നും പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്. മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് സഹായകരമായിരുന്നു. പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സിബിഐ പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.

സഭ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപമുണ്ടായപ്പോൾ സന്ന്യാസിനി സമൂഹത്തിന്റെ അന്തസ്സ് ഉയര്ത്തിപ്പിടിക്കാൻ അന്നത്തെ മദർ സുപ്പീരിയർ ബെനിക്യാസ്യ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സര്ക്കാരിനു കത്തു നല്കി. സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയെന്നെഴുതി തള്ളാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചത്. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്ന് വലിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ അന്നത്തെ മുഖ്യമന്ത്രിയുടെ ഉത്തരവിൽ 1992 മേയ് 18നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ആറ് മാസത്തിനുള്ളിൽ അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കണ്ടെത്തി സിബിഐ എഫ്ഐആർ കോടതിയിൽ നൽകി.

2008 നവംബർ 18-ന് സി.ബി.ഐ. എ.എസ്.പി. നന്ദകുമാർ നായർ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ , ഫാ. ജോസ് പൂതൃക്കയില്, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റുചെയ്തു. പ്രതികളെ ഡിജിറ്റൽ ഫിംഗർ പ്രിന്റ്, പോളിഗ്രാഫ്, നാർക്കോ അനാലിസിസ് പരിശോധനകള്ക്കു വിധേയമാക്കി. മൂവരെയും പ്രതികളാക്കി കുറ്റപത്രം നല്കി.

കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് മൂവരും വിചാരണക്കോടതിയിൽ ഹർജി നല്കി. ആവശ്യമായ തെളിവുകളില്ലെന്ന കാരണത്താൽ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണക്കോടതി വെറുതെ വിട്ടു.

ലൈംഗികതയും കൊലപാതകവുമാണ് കേസിന്റെ ആകെത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ കോടതിയിൽ മൊഴി നല്കി. കൈക്കോടാലിയുടെ പിടി കൊണ്ടുള്ള അടിയേറ്റ് അബോധാവസ്ഥയിലായ സിസ്റ്റർ അഭയയെ പ്രതികൾ കിണറ്റിൽ എടുത്തിട്ടെന്നും അഭയ വെള്ളം കുടിച്ച് മുങ്ങിമരിച്ചെന്നുമാണ് സി.ബി.ഐ. നിഗമനം. അഭയയുടെ കുടുംബത്തിന് ആത്മഹത്യാ പ്രവണതയുണ്ടെന്നും, ആത്മഹത്യ ചെയ്യാൻ കിണറ്റിൽ ചാടിയ അഭയയുടെ തല കിണറ്റിലെ പമ്പിൽ ഇടിച്ചാണ് മരണകാരണമായ മുറിവുണ്ടായതെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here