മലയാളത്തിന്റെ മഹാവീര്യം | മഹേന്ദർ
എബ്രിഡ് ഷൈൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച മഹാവീര്യർ എന്ന സിനിമയുടെ കഥ എം.മുകുന്ദന്റേതാണ്. മികച്ചൊരു സറ്റയർ സിനിമ എന്ന് പറഞ്ഞാൽ അത് ഈ സിനിമയെ ഒരു കളത്തിൽ ഒതുക്കുന്നതിന് തുല്യമായിപ്പോവും. കാരണം അതിനുമപ്പുറം ഫാന്റസിയും ഫിലോസഫിയും നർമ്മവും ഒക്കെ ഇഴകലർന്ന മറ്റൊരു ഉയർന്ന തലം കൂടി ഈ സിനിമയ്ക്കുണ്ട്. സമകാലീന പ്രശ്നങ്ങളെ ചേർത്ത് വച്ച് വായിക്കാവുന്ന തരം സ്പേസ് ധാരാളം ഉണ്ട് ഈ സിനിമയിൽ. ഒപ്പം അധികാരത്തിന്റെയും ആണധീശത്തിന്റേയും കോമാളിത്ത ലോകം നേർക്കു നേർ വരുന്നതിന്റെ ഞെട്ടൽ കൂടി ഈ സിനിമ സമ്മാനിക്കുന്നുണ്ട്.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള രാജഭരണത്തിന്റെ നൈതികതയെ ആനുകാലിക നിയമവ്യവസ്ഥയുമായി തുലനം ചെയ്യുകയും അത്രയൊന്നും നമ്മൾ മുന്നേറിയിട്ടില്ലല്ലൊ എന്ന് അമ്പരക്കുകയും ചെയ്യാനാവും നമുക്ക്.
പെണ്ണ് ഒരു കമ്മോഡിറ്റിയാണ് അന്നും ഇന്നും. ഭരിക്കുന്നവരുടെ ഔദാര്യമാണ് പൗരസ്വാതന്ത്ര്യം , അന്നും ഇന്നും. രാജനീതിയ്ക്ക് എതിർ നിൽക്കുന്ന ഏതൊരാളും രാജ്യദ്രോഹി തന്നെയാണ്. ആ നിർവചനങ്ങൾക്കൊന്നും ഒരു കാലത്തും ഒരിടത്തും മാറ്റം സംഭവിക്കുന്നില്ല. നൂറ്റാണ്ടുകളായി നമ്മുടെ ഉള്ളിൽ കൊത്തിവച്ചിരിക്കുന്ന അധികാരത്തിന്റെ ശില ഇപ്പോഴും കരുത്തുറ്റതും അഭേദ്യവും തന്നെ.
ഒരു വസ്തു ആരുടെ അധീനതയിലാണ് എന്ന് പ്രോക്സിമിറ്റി വച്ച് കണക്കാക്കുന്നതിലെ ന്യായാന്യായങ്ങളെ പറ്റി ഒരു തർക്കം വരുന്നുണ്ട് ഈ സിനിമയിൽ. അത് പോലെത്തന്നെ ഒരു വസ്തുവിന്റെ ഭൗതികസാന്നിധ്യം എവിടെ വച്ചാണ് തുടങ്ങുന്നത്, അത് എവിടെയാണ് അവസാനിക്കുന്നത് എന്ന ഒരു സംവാദത്തിനേയും അത് തൊട്ട് പോകുന്നുണ്ട്. പാർട്ടിക്കിൾ / എനർജി ദ്വന്ദ്വ(?)ത്തിലേക്ക് ആ ചർച്ചയെ നമുക്ക് നീട്ടാവുന്നതാണ്. സ്ഥല-സമയ-കാലങ്ങളെ അട്ടിമറിക്കുകയും അതിലൂടെ രാഷ്ട്രീയ-സാമൂഹ്യ-ലിംഗ-നീതികളിലെ നിലനിൽക്കുന്ന മൂല്യസങ്കല്പങ്ങളെ കണക്കിനു കളിയാക്കുകയും ചെയ്യുന്ന ഈ ചലചിത്രം അതുകൊണ്ട് തന്നെ ബോക്സോഫീസിൽ എത്രത്തോളം പ്രകടനം നടത്തും എന്ന് കണ്ടുതന്നെ അറിയണം.
ഇത്തരത്തിലുള്ള കനമുള്ള ക്രിയാത്മകതയിലാണ് മലയാള സിനിമയുടെ ഉശിര് നിലകൊള്ളുന്നത് എന്ന കാര്യത്തിൽ പക്ഷെ തർക്കമില്ല. മാസ് സിനിമകളുടെ പ്രളയം കടന്ന് പോവുമ്പോഴും ഭാവിയിൽ മലയാള സിനിമ അറിയപ്പെടുക ഇത്തരം നാഴികക്കല്ലുകളുടെ ഖരത്വത്തിൽ തന്നെ !
എബ്രിഡ് ഷൈനിനും നിവിൻ പോളിയ്ക്കും എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒരു ചലചിത്രമാണ് മഹാവീര്യർ. ഒപ്പം കാണിയെന്ന നിലയ്ക്ക് നമ്മൾ വല്ലപ്പോഴുമൊക്കെ ഇങ്ങനെ ആദരിക്കപ്പെടുന്നുണ്ടല്ലോ എന്നൊരു സന്തോഷം നമുക്കും ലഭിക്കുന്നു…!