മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രമായ സ്ഫടികം റീ റിലീസിന് ഒരുങ്ങുകയാണ്. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലും തിലകനും കെപിഎസി ലളിതയുമടക്കമുള്ള താരനിര അണിനിരന്ന അവിസ്മരണീയ ചിത്രം ഡിജിറ്റല്‍ റീ മാസ്റ്ററിംഗിനു ശേഷമാണ് വീണ്ടും തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 9 ആണ് റിലീസ് തീയതി. എന്നാല്‍ ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുണ്ടായിരുന്ന ഒട്ടനവധി പ്രതിഭകള്‍ ഓര്‍മ്മ മാത്രമാണ്. റിലീസിന് മുന്‍പ് അവര്‍ക്കായി ഒരു അനുസ്മരണ സന്ധ്യ ഒരുക്കുകയാണ് അണിയറക്കാര്‍. ഓര്‍മ്മകളില്‍ സ്ഫടികം എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഫെബ്രുവരി 5 ന് വൈകിട്ട് 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ വച്ചാണ് നടക്കുക.
പരിപാടിയെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍
സ്ഫടികം സിനിമ നൂതനമായ ശബ്ദ ദൃശ്യ മികവോടെ ലോകം ഒട്ടാകെയുള്ള തീയേറ്റുകളില്‍ ഫെബ്രുവരി 9 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്ന വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. ആ സിനിമയെ അനശ്വരമാക്കിയ മഹാ പ്രതിഭകളില്‍ ചിലര്‍ ഇന്നു നമ്മോടൊപ്പം ഇല്ല. തിലകന്‍, ശങ്കരാടി, നെടുമുടി വേണു, കെപിഎസി ലളിത, ബഹദൂര്‍, സില്‍ക്ക് സ്മിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, രാജന്‍ പി ദേവ്, പി ഭാസ്കരന്‍ മാസ്റ്റര്‍, ജെ വില്യംസ്, എം എസ് മണി, പറവൂര്‍ ഭരതന്‍, എന്‍ എഫ് വര്‍ഗീസ്, എന്‍ എല്‍ ബാലകൃഷ്ണന്‍.. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഈ അതുല്യ കലാകാരന്മാരെ ഒഴിവാക്കിയാല്‍ സ്ഫടികത്തില്‍ വേറെന്താണു ബാക്കി..! മലയാള സിനിമയുടെ വസന്തകാലത്തെ ഉജ്ജ്വലമാക്കിയ ഈ ലോകോത്തര കലാകാരന്മാരെ ഓര്‍മ്മിക്കാതെ സ്ഫടികത്തിന് ഒരു രണ്ടാം വരവ് ഉണ്ടോ?