പാക് സെെന്യവും താലിബാനുമായി രൂക്ഷമായ വെടിവയ്പ്പ് നടക്കുന്നതായാണ് വാർത്തകൾ പുറത്തു വരുന്നത്. രാജ്യങ്ങൾ തമ്മിൽ പോരാട്ടം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ടോർഖാം അതിർത്തി അടച്ചു. ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ടോർഖാം ബോർഡർ ടെർമിനൽ വഴിയുള്ള ഗതാഗാതം എനിരോധിച്ചുവെന്നും അതിർത്തിയിൽ ശക്തമായ വെടിവയ്പ്പ് നടക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് പാക് സെെന്യം അറിയിച്ചു. സെെനിക ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പേരു വെളിപ്പെടുത്താത്ത ഒരു മുതിർന്ന പാക് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പക്- അഫ്ഗാൻ പ്രതിസന്ധിയെ തുടർന്ന് 2023 ഫെബ്രുവരിയിൽ ടോർഖാം അതിർത്തി അടച്ചിരുന്നു. പാക്-അഫ്ഗാൻ ബന്ധത്തിൽ വലിയ തകർച്ചയാണ് ആ കാലയളവിലുണ്ടായതെന്ന് കിഴക്കൻ അഫ്ഗാൻ പ്രവിശ്യയായ നംഗഹാറിലെ താലിബാൻ ഭരണകൂടത്തിൻ്റെ നിയന്ത്രണത്തിലുള്ള പൊലീസ് സേനയുടെ വക്താവ് റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിരുന്നില്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിലും കുനാറിലും വ്യോമാക്രമണം നടത്തിയ പാകിസ്ഥാൻ 36 താലിബാൻകാരെ കൊലപ്പെടുത്തിയിരുന്നു. എന്നാൽ വ്യോമാക്രമണം നടത്തിയത് തങ്ങളല്ലെന്ന് വ്യക്തമാക്കി ദിവസങ്ങൾക്കു ശേഷം പാകിസ്ഥാൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരർ അതിർത്തി കടന്ന് ഭീകരാക്രമണം നടത്തുന്നുവെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. എന്നാൽ ഭീകരർ തങ്ങളല്ലെന്നും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തങ്ങൾ അധികാരമേറ്റ ശേഷം ഭീകര പ്രവർത്തനങ്ങൾ നിയന്ത്രണ വിധേയമായെന്നും താലിബാൻ അവകാശപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനിലെ വ്യോമാക്രമണത്തിന് ശേഷം, താലിബാൻ കാബൂളിലെ പാകിസ്ഥാൻ അംബാസഡറെ വിളിച്ചുവരുത്തുകയും ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അഫ്ഗാനിസ്ഥാൻ്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുട്ടാക്കി ഖോസ്റ്റിലെയും കുനാറിലെയും സൈനിക നടപടി ഉടനടി നിർത്താൻ പാകിസ്ഥാൻ അംബാസഡറോട് ആവശ്യപ്പെട്ടിരുന്നു.