ചെന്നൈ: തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ(Shooting Championship) മെഡലുകൾ വാരിക്കൂട്ടി നടൻ അജിത്ത് കുമാർ(Ajith Kumar). 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് മെഡലുകളാണ് താരം നേടിയത്. നാല് സ്വർണവും രണ്ട് വെങ്കലവും നേടിക്കൊണ്ടാണ് അജിത്ത് വിജയഗാഥ തീർത്തത്.
കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാമ്പ്യൻ ഷിപ്പിലും ആറ് സ്വർണ മെഡലുകൾ നടൻ നേടിയിരുന്നു. ഇത്തവണത്തെ ചാമ്പ്യൻഷിപ്പിൽ താരം പങ്കെടുക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു.
2019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാമ്പ്യൻഷിപ്പില്‍ അജിത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് അജിത്ത് ഈ നേട്ടം കൈവരിച്ചത്. അഭിനയത്തിന് പുറമെ ഫോട്ടോഗ്രഫി, റേസിംഗ് തുടങ്ങിയവയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് അജിത്ത്.
അതേസമയം, എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത്(Ajith) ആരാധകർ. ‘വലിമൈ’യുടെ വിജയത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്.