‘ഞാൻ എന്ത് ചെയ്‌താലും രാഷ്ട്രീയവത്കരിക്കപ്പെടുന്നു’: ഗാംഗുലി

0
74

ത്രിപുര ടൂറിസം ബ്രാൻഡ് അംബാസഡറായി നിയമിതനായതിന് തൊട്ടുപിന്നാലെ, തന്റെ നിയമനത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളിൽ നിരാശയുണ്ടെന്ന് സൗരവ് ഗാംഗുലി. താൻ എന്ത് ചെയ്‌താലും അത് രാഷ്ട്രീയവൽക്കരിക്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു.

“എന്തുകൊണ്ടാണ് എല്ലാം രാഷ്ട്രീയമാകുന്നത്? അമിതാഭ് ബച്ചന് ഗുജറാത്തുമായും ഷാരൂഖ് ഖാന് ബംഗാളുമായും, സച്ചിൻ ടെണ്ടുൽക്കർക്ക് കേരളവുമായും, ഋഷഭ് പന്തിന് ഉത്തരാഖണ്ഡുമായും, എംഎസ് ധോണിയ്ക്ക് ജാർഖണ്ഡുമായും ഒക്കെ കരാറുണ്ട്, എന്തിനാണ് എല്ലാം രാഷ്ട്രീയമാക്കുന്നത്? ഇത് വളരെ നിരാശാജനകമാണ്.” നിയമനത്തോട് പ്രതികരിച്ചുകൊണ്ട് സൗരവ് ഗാംഗുലി പറഞ്ഞു

ബിജെപിയുടെ നേതൃത്വത്തിലുള്ള ത്രിപുര സർക്കാർ ഗാംഗുലിയ്ക്ക് ചുമതല നൽകിയ ശേഷം, തൃണമൂൽ കോൺഗ്രസ് സർക്കാർ ഗാംഗുലിയ്ക്ക് ബംഗാളിൽ അർഹതപ്പെട്ട അംഗീകാരം നൽകിയില്ലെന്ന് ബിജെപി ബംഗാൾ ഘടകം ആരോപിച്ചു. ഗാംഗുലിയെ കൊൽക്കത്തയിലെ ഷെരീഫായി നിയമിക്കണമെന്ന്
ബിജെപി ആവശ്യപ്പെട്ടു. ഗാംഗുലിയെ ച്ചൊല്ലിയുള്ള ബിജെപി-ടിഎംസി തർക്കത്തിന് ഏറെ പഴക്കമുണ്ട്.

കഴിഞ്ഞ വർഷം, ബിസിസിഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഗാംഗുലിയെ മാറ്റി മുൻ ക്രിക്കറ്റ് താരം റോജർ ബിന്നിയെ നിയമിച്ചതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും മുൻ ഇന്ത്യൻ നായകനെ പാർട്ടിയിലെത്തിക്കുന്നതിൽ പരാജയപ്പെട്ടതോടെ ബിജെപി അദ്ദേഹത്തെ അപമാനിക്കുകയാണെന്നും മമത ബാനർജി ആരോപിച്ചിരുന്നു.

“ഞാൻ നേരായ വഴിയിൽ ജീവിതം നയിക്കുന്നയാളാണ്. ത്രിപുരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കും. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പക്ഷേ എല്ലാം രാഷ്ട്രീയമായിരിക്കുന്നു. ഇത് മാത്രമല്ല. ഞാൻ എന്ത് ചെയ്‌താലും അത് രാഷ്ട്രീയവത്കരിക്കപ്പെടും” ഗാംഗുലി പറഞ്ഞു.

ത്രിപുര ക്രിക്കറ്റ് നന്നായി പുരോഗമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗാംഗുലി 1990ൽ അവിടെ കളിച്ചതിനാൽ സംസ്ഥാനവുമായുള്ള തന്റെ വ്യക്തിപരമായ ബന്ധവും പരാമർശിച്ചു. തന്റെ വാക്കുകൾ വളച്ചൊടിക്കരുതെന്നും തന്റെ പ്രവർത്തനങ്ങളെ മറ്റ് രീതിയിൽ കാണരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ബംഗാളിനോടുള്ള തന്റെ സ്നേഹവും, അവിടുത്തെ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച വലിയ പിന്തുണയും ഒരിക്കൽ കൂടി ഓർത്തെടുത്ത അദ്ദേഹം, രാഷ്ട്രീയ നേതാക്കളോട് ഇത് ഒരു രാഷ്ട്രീയ വിഷയമാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here