സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവർത്തനം അവസാനിപ്പിച്ചാലും നിക്ഷേപകനു 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ലെന്ന് സഹകരണ മന്ത്രി മന്ത്രി വിഎൻ വാസവൻ.
സംസ്ഥാനത്തെ സഹകരണമേഖലയിലെ നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി രണ്ടു ലക്ഷത്തിൽ നിന്നും 5 ലക്ഷം ആയി വർധിപ്പിച്ചതോടെയാണിത്. സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിന്റെ തീരുമാനം സഹകരണ വകുപ്പ് അംഗീകരിച്ചതായി മന്ത്രി നിയമസഭയിൽ പറഞ്ഞു.
2012 ൽ ബോർഡ് ആരംഭിച്ചപ്പോൾ മുതൽ രണ്ടു ലക്ഷം രൂപയായിരുന്ന പരിധിയാണ് ഇപ്പോൾ അഞ്ചു ലക്ഷമാക്കിയത്. നിക്ഷേപ ഗ്യാരന്റി ഫണ്ടിൽ അംഗമാകാൻ 100 രൂപ നിക്ഷേപത്തിനു പത്തു പൈസ നിരക്കിൽ ബാങ്ക് അഥവാ സംഘം അടയ്ക്കേണ്ട തുക വർധിപ്പിച്ചിട്ടില്ല.
എന്നാൽ നിങ്ങൾ പണം നിക്ഷേപിച്ചിട്ടുള്ള സഹകരണ സ്ഥാപനം ബോർഡിൽ അംഗമാണെങ്കിൽ മാത്രമേ ബാങ്ക് പൊട്ടിയാൽ നിങ്ങളുടെ പണം തിരികെ കിട്ടൂ. ബാങ്ക് ബോർഡിൽ അംഗമല്ലെങ്കിൽ നിക്ഷേപം തിരിച്ചുകിട്ടുമെന്നതിന് യാതൊരു ഗ്യാരന്റിയില്ല.