ബ്രസ്സൽസ്: ലോകത്തിലെ ഏറ്റവും വലിയ ചോക്കലേറ്റ് നിർമാണകേന്ദ്രത്തിൽ സാൽമാെണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ബാരി കാലിബോട്ട് എന്ന സ്വിസ് കമ്പനിയുടെ ബെൽജിയൻ നഗരമായ വീസിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലാണ് ബാക്ടീരിയസാന്നിധ്യം കണ്ടെത്തിയത്. ഇതിനുപിന്നാലെ 73 വിവിധ കൺഫെക്ഷണറികൾക്കായി ദ്രവരൂപത്തിലുള്ള ചോക്കലേറ്റിന്റെ മൊത്തവ്യാപാരം നടത്തുന്ന കമ്പനിയിലെ നിർമാണപ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തി വെച്ചതായി കമ്പനി വക്താവ് കൊർണീൽ വാർലോപ് എഎഫ്പിയോട് പറഞ്ഞു.
ആമാശയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന സാൽമൊണല്ല ദഹനവ്യവസ്ഥയിലെ അവയവങ്ങളേയും ബാധിക്കും. ഗുരുതരരോഗമായ ടൈഫോയ്ഡിനും സാൽമൊണല്ല കാരണമാകുന്നു. രക്തചംക്രമണത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ ശരീരമാസകലം വ്യാപിക്കുകയും അവയവങ്ങളിൽ കടന്നുകൂടുകയും ചെയ്യും. എൻഡോടോക്സിനുകൾ ഉത്പാദിപ്പിക്കുന്നതിലൂടെ ജീവന് തന്നെ സാൽമൊണല്ല ഭീഷണിയാകും. ആഹാരപദാർഥങ്ങളിലൂടെയാണ് സാൽമൊണല്ല പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. ആന്റിബയോട്ടിക്കുകളാണ് പ്രധാനമായും ഈ ബാക്ടീരിയക്കെതിരെ ഫലപ്രദമാകുന്നത്.
ഹെർഷെ, മോണ്ടലെസ്, നെസ് ലെ, യൂണിലിവർ തുടങ്ങി വമ്പൻ വ്യവസായികൾക്ക് ചോക്കലേറ്റ് വിതരണം ചെയ്യുന്നത് ബാരി കാലിബോട്ടാണ്.
പരിശോധന നടത്തിയ സമയം മുതലുള്ള എല്ലാ ഉത്പന്നങ്ങളും തടഞ്ഞതായി വാർലോപ് കൂട്ടിച്ചേർത്തു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ വീസിലെ ചോക്കലേറ്റ് നിർമാണം നിർത്തിവെച്ചതായും അദ്ദേഹം അറിയിച്ചു. അണുബാധയുണ്ടായതായി കരുതുന്ന വിപണനം ചെയ്ത ചോക്കലേറ്റ് കൈപ്പറ്റിയ ഇടപാടുകാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വാർലോപ് പറഞ്ഞു. അണുബാധയുണ്ടായതായി കണ്ടെത്തിയ ചോക്കലേറ്റിന്റെ ഭൂരിഭാഗവും ഫാക്ടറിയിൽ തന്നെയുണ്ടെന്നും വാർലോപ് അറിയിച്ചു. കമ്പനിയിൽ നിന്ന് വാങ്ങിയ ചോക്കലേറ്റ് കൊണ്ട് നിർമിച്ച ഉത്പന്നങ്ങൾ വിപണനത്തിനെത്തിക്കരുതെന്ന് ഇടപാടുകാരോട് കമ്പനി ആവശ്യപ്പെട്ടു.