ന്യൂഡൽഹി: ഹരിയാണയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാടകീയ വഴിത്തിരിവ്. രണ്ട് സീറ്റുകളിലും ബിജെപി പ്രതിനിധികൾ ജയിച്ചുവെന്ന് ശനിയാഴ്ച പുലർച്ചയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർഥിയായ കൃഷൻ പൻവാറും ബിജെപി-ജെജെപി പിന്തുണയുള്ള സ്വന്ത്ര സ്ഥാനാർഥിയും മാധ്യമ മേധാവിയുമായ കാർത്തികേയ ശർമയുമാണ് വിജയിച്ചത്. കോൺഗ്രസ് അംഗം കാലുവാരിയതോടെ എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ ശർമയോട് പരാജയപ്പെട്ടു.
അദംപുരിലെ കോൺഗ്രസ് എംഎൽഎ ആയ കുൽദീപ് ബിഷ്ണോയി ബിജെപിക്ക് വോട്ട് ചെയ്തെന്ന് ഹരിയാണ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർലാൽ ഖട്ടാർ അവകാശപ്പെട്ടു. ബിജെപിയുടെ തത്വങ്ങളിലും നയങ്ങളിലും ബിഷ്ണോയി വിശ്വാസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ഖട്ടാർ പറഞ്ഞു.
കാലുവാരലും കുതിരക്കച്ചവടവും ഭയന്ന് ഒരാഴ്ചയോളം ഹരിയാണയിലെ കോൺഗ്രസ് എംഎൽഎണാരെ ഛത്തീസ്ഗഢിലെ റിസോർട്ടിൽ താമസിപ്പിച്ച ശേഷമാണ് വോട്ടിങിനായി കൊണ്ടുവന്നത്. ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടും എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കന്റെ തോൽവി കോൺഗ്രസിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഇതിനിടെ സ്വന്തം എംഎൽഎ കാലുവാരിയതറിയാതെ കോൺഗ്രസ് ആഘോഷം നടത്തിയതും നാണക്കേട് വർധിപ്പിച്ചു. അജയ് മാക്കന് ആശംസകളറിയിച്ച് കോൺഗ്രസ് നേതാക്കളും പാർട്ടി ഔദ്യോഗിക പേജുകളും ട്വീറ്റ് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ട്വീറ്റുകൾ പിൻവലിക്കേണ്ടി വന്നു.