20 ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായിരുന്ന ഗുരുവായൂരപ്പ ഭക്തനായിരുന്നു ചെമ്പൈ സ്വാമികൾ..ശരീരം കൊണ്ടും ശാരീരം കൊണ്ടും ആരേയും ആകർഷിക്കുന്ന വിനയാന്വിതനായിരുന്നു ചെമ്പൈ ഭാഗവതർ. വളരെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം അനുജനായ സുബ്രഹ്മണ്യനുമൊത്ത് കച്ചേരി പാടാൻ ആരംഭിച്ചിരുന്നു. ആദ്യത്തെ സംപൂർണ്ണ കച്ചേരി ഒളപ്പമണ്ണ മന വക പൂഴിക്കുന്ന് ശ്രീകൃഷ്ണ, ക്ഷേത്രത്തിലായിരുന്നു.
1896 സെപ്തംബറിൽ ജനിച്ച അദ്ദേഹം 1907 വൈക്കത്തഷ്ടമി ക്ക് കച്ചേരി അവതരിപ്പിച്ച് തിരികെ വരുന്ന വഴി പിതാവായ അനന്തഭാഗവതർക്കൊപ്പം ഗുരുവായൂരിലെത്തി.. അന്ന് ഏകാദശിയായിരുന്നു,. ചെമ്പൈയും അനുജനും അവിടെ പാടുകയും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. തുടർന്ന് എല്ലാ വർഷവും ഏകാദശിക്ക് പാടുവാൻ ഉള്ള അനുമതി ദേവസ്വത്തിൽ നിന്ന് വാങ്ങിക്കുകയും അത് മുടങ്ങാതെ നടത്തുകയും ചെയ്തു. ആദ്യ ദർശനം മുതൽ സ്വാമികൾ ഗുരുവായൂരപ്പന്റെ പ്രിയ ഭക്തനായി മാറിക്കഴിഞ്ഞിരുന്നു. തനിക്കെന്തു വിഷമമുണ്ടെങ്കിലും അത് ഗുരുവായൂരപ്പൻ പരിഹരിക്കുമെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നു.
അദ്ദേഹത്തിന്റെ 70 വർഷത്തെ സംഗീത ജീവിതത്തിൽ 3 തവണ അദ്ദേഹത്തിന് ശബ്ദം നഷ്ടമായി.
1912 ൽ ആ ശബ്ദത്തിനു തടസമുണ്ടായി .ആ സമയത്ത് അദ്ദേഹം മൃദംഗവും വയലിനും പഠിച്ചു. ആ സ്വരം ഒരു വർഷത്തിനകം തിരികെ കിട്ടി.
പിന്നീട് 1939 ൽ വീണ്ടും ശബ്ദം നഷ്ടമായി.. അത് ഏതാനും മണിക്കൂറുകൾ മാത്രം. 1939 വൃശ്ചികത്തിൽ സാമൂതിരിയുടെ ക്ഷണപ്രകാരം അദ്ദേഹം കോഴിക്കോട് കച്ചേരിക്കെത്തി.. ഉച്ചവരെ സാധകം നടത്തി.. വൈകുന്നേരം കച്ചേരിക്ക് സ്റ്റേജിൽ കയറി തംബുരു ശ്രുതിയിട്ടു തുടങ്ങിയിട്ടും അദ്ദേഹത്തിൽ നിന്ന് ശബ്ദമൊന്നും വന്നില്ല. അദ്ദേഹം അടുത്തിരുന്നവരോട് ഇന്നേത ദിവസം എന്ന് ചോദിച്ചു. അന്ന് കാർത്തിക മാസത്തിലെ ഏകാദശി അഥവ ഗുരുവായൂർ ഏകാദശി ആണെന്നറിയിച്ചു.. അദ്ദേഹം സ്റ്റേജിൽ നിന്നറങ്ങി സാമൂതിരിയോട് വിവരം പറഞ്ഞ് അനുവാദം വാങ്ങി സാമൂതിരി ഏർപ്പെടുത്തിയ കാറിൽ നേരെ ഗുരുവായൂർക്ക് തിരിച്ചു. സന്ധ്യാസമയം കഴിഞ്ഞു ഗുരുവായൂരെത്തിയ അദ്ദേഹം നേരെ ക്ഷേത്രത്തിനകത്ത് കടന്ന് നിറകണ്ണുകളോടെ ഗദ്ഗദകണ്ഠനായി ഭഗവാനോട് മാപ്പിരന്നു. കൊടിമരച്ചുവട്ടിൽ വെറും നിലത്തിരുന്ന് തന്റെ പ്രൗഢഗംഭീരമായ സ്വരത്തിൽ രാത്രി 11 മണിവരെ ഏതാണ്ട്
5.30 മണിക്കൂറോളം ഇടതടവില്ലാതെ നിറകണ്ണുകളോടെ ആ മഹാൻ പാടി തകർത്തു. അദ്ദേഹത്തിന്റെ പാരവശ്യം കണ്ട ഭക്തർ അദ്ദേഹത്തോട് ഇനി കച്ചേരി അവസാനിപ്പിക്കു സ്വാമി..ഗുരുവായൂരപ്പൻ ക്ഷമിച്ചു കാണും എന്നറിയിക്കുരുന്നതു വരെ പാടിയത്രേ.
പിറ്റേ ദിവസം കോഴിക്കോട് സാമൂതിരിക്ക് മുൻപിൽ അതി ഗംഭീരമായ സംഗീത കച്ചേരി നടത്തുകയും ചെയ്തു..
മൂന്നാമത്തെ തവണ അദ്ദേഹത്തിന് സ്വരം നഷ്ടപ്പെട്ടപ്പോൾ ഗുരുവായൂരപ്പൻ ഒരു ക്ഷുരകന്റെ വേഷത്തിലെത്തി അദ്ദേഹത്തെ ചികിത്സിച്ചെന്ന് ഒരു കഥയുണ്ട്..
1954 ൽ മൂന്നാം തവണ സ്വരം നഷ്ടമായി ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കണ്ണീരോടെ നിശബ്ദം നിന്ന സ്വാമിയെ ക്ഷേത്ര ദർശനത്തിനെത്തിയ വൈദ്യ ശ്രേഷ്ഠനായ വൈദ്യമഠം നമ്പൂതിരി പൂമുള്ളി മനയിൽ കൊണ്ടുപോയി 6 മാസത്തെ ചികിത്സ നടത്തി സുഖപ്പെടുത്തുകയുണ്ടായി. അതിനു ശേഷം ആ സ്വരം കൂടുതൽ ഇമ്പമാർന്നതായി.
ആ ചികിത്സ ഫലവത്തായതിന്റെ പ്രതിഫലമായി തന്റെ നിത്യ ചിലവിനുള്ള തുക കഴിച്ച് ബാക്കി സർവ്വ സ്വത്തും അദ്ദേഹം ഗുരുവായൂരപ്പന് നൽകി..
ഗുരുവായൂരിലെ ഏറ്റവും ചിലവേറിയ വഴിപാടായ ഉദയാസ്തമന പൂജ ഏറ്റവും കൂടുതൽ തവണ നടത്തിയതിന്റെ (‘ 41 തവണ ) റെക്കോർഡ് ചെമ്പൈ സ്വാമികൾക്കാണ്. ഏത് യാത്രക്കിടയിലായാലും ( കാർ / ട്രെയിൻ) അദ്ദേഹം ഗുരുവായൂരപ്പനെ സ്മരിച്ചാൽ അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ കാണുന്ന രീതിയിൽ കൃഷ്ണ പരുന്തുകൾ പറന്നു വരുമായിരുന്നു എന്ന് അനുഭവസ്ഥർ പറഞ്ഞു കേട്ടിട്ടുണ്ട്.
അദ്ദേഹം മലയാളം പദങ്ങൾ കച്ചേരിയിൽ പാടാറില്ലായിരുന്നു. പ്രൊഫസർ ഗുപ്തൻ നായർ ആണ് ഇരയിമ്മൻ തമ്പി ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ ” കരുണ ചെയ്വാൻ എന്തു താമസം കൃഷ്ണ ” എന്ന പദത്തെ കുറിച്ച് സ്വാമിയോട് പറഞ്ഞത്.അതിനു ശേഷം അദ്ദേഹം തന്റെ എല്ലാ കച്ചേരിയിലും മുടങ്ങാതെ ” കരുണ ചെയ്വാൻ എന്തു താമസം കൃഷ്ണ ” എന്ന പദം ഭഗവാനേറ്റവും ഇഷ്ടമായ “യദുകുല കാംബോജി ” രാഗത്തിൽ പാടി ഗുരുവായൂരപ്പനെ സ്തുതിച്ചു വന്നിരുന്നു.
1976 ഒക്ടോബർ 16 നാണ് അദ്ദേഹം മരിച്ചത്.14 ന് അദ്ദേഹം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ ശേഷം കോയമ്പത്തൂരിൽ എത്തി ഒരു കച്ചേരി അവതരിപ്പിച്ചു. തിരികെ പാലക്കാട് എത്തിയ അദ്ദേഹം തീർത്തും അവശനായിരുന്നു.16 തീയതി വൈകുന്നേരം അദ്ദേഹം തന്റെ സംഗീത ജീവിതത്തിലെ ആദ്യ സംപൂർണ്ണ കച്ചേരി അവതരിപ്പിച്ച പൂഴിക്കുന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗാനാർച്ചന നടത്തി. വാതാപി ഗണപതി എന്ന കർത്തനം മുതൽ നാരായണീയത്തിലെ “യോഗീന്ദ്രാണാം ” എന്ന് തുടങ്ങുന്ന ശ്ലോകം വരെ ഏറ്റവും മനോഹരമായ ശബ്ദത്തിൽ പാടി .കരുണ ചെയ്വാൻ എന്തു താമസം എന്ന ഇരയിമ്മൻ തമ്പിയുടെ പദം അതി ഭാവുകത്തോടെ പാടി മംഗളം ചൊല്ലി കച്ചേരി അവസാനിപ്പിച്ചു.തുടർന്ന് 2 ആളുകളുടെ സഹായത്തോടെ ശ്രീകോവിലിന് മുൻപിൽ എത്തി തൊഴുതു പറഞ്ഞു
” ഗുരുവായൂരപ്പ 78 വയസായ എനിക്ക് ജീവിതത്തിൽ എല്ലാ സൗഭാഗ്യവും നീ തന്നു. ഇനി എനിക്ക് ഈ പൊണ്ണത്തടിയുമായി ജീവിക്കേണ്ട.. എന്നേ എന്തേ അങ്ങ് വിളിക്കുന്നില്ല ” എന്ന് പ്രാർത്ഥിച്ചു .
അതു കേട്ടുന്നിവരിൽ ഒരാളായ ചിതലി രാമമാരാർ പറഞ്ഞു ” സ്വാമി 125 വയസു വരെ ജീവിക്കുമെന്ന് “..
അതു കേട്ട സ്വാമി
” ഇതിൽ നീ തലയിടേണ്ട.ഞാനും ഗുരുവായൂരപ്പനും തമ്മിൽ എല്ലാം പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ട് ” എന്ന് പറഞ്ഞ് ഒളപ്പമണ്ണ മനക്കൽ എത്തി. സന്ധ്യാവന്ദനം നടത്താൻ കൈകാലുകൾ കഴുകി മനയുടെ പൂമുഖത്ത് കയറിയ അദ്ദേഹം അവിടെ കുഴഞ്ഞുവീണ് മരിക്കുകയാണുണ്ടായത്.. കച്ചേരി അവതരിപ്പിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ മരണപ്പെടണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഗുരുവായൂരപ്പൻ സഫലീകരിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഗുരുവായൂർ ദേവസ്വം 1974 ൽ ഏകാദശി ദിനം ക്ഷേത്രം ഊട്ടുപുരയിൽ തുടങ്ങിയ സംഗീതാർച്ചന 1979 മുതൽ 4 ദിവസവും 1983 മുതൽ 11 ദിവസവും ഇപ്പോൾ 15 ദിവസവുമാക്കി സംഗീതോത്സവമായി നടത്തി വരുന്നു.. ത്യാഗരാജ സംഗീതോത്സവം കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗീതോത്സവമാണിത്. ഭാരതത്തിലെ എല്ലാ പ്രധാനപ്പെട്ട സംഗീതഞ്ജരും ഇവിടെ പാടുവാൻ എത്തുന്നു.
ഗുരുവായൂർ ഏകാദശി ദിവസം എല്ലാ ഗായകരും ചേർന്ന് ചെമ്പൈയുടെ ഇഷ്ട കീർത്തനങ്ങൾ പാടി ഗാനാർച്ചന ഭഗവദ് പാദത്തിൽ സമർപ്പിക്കുന്നു..