കലാപമുണ്ടാക്കിയാൽ ജനത്തെ അണിനിരത്തി നേരിടും: മുന്നറിയിപ്പുമായി കോടിയേരി

0
60

തിരുവനന്തപുരം • യുഎസിൽ മൂന്നു തവണ ചികിൽത്സയ്ക്കു പോയിട്ടുണ്ടെന്നും അതിന്റെ ചെലവ് വഹിച്ചത് പാർട്ടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചികിത്സയുടെ ചെലവ് മറ്റാരും വഹിച്ചിട്ടില്ല. മറ്റുള്ള കാര്യങ്ങൾ ആരോപണം ഉന്നയിക്കുന്നവരോട് ചോദിക്കണമെന്നും കോടിയേരി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ അമേരിക്കയിലേക്കു പോകുന്നതായി ഷാജ് കിരൺ പറഞ്ഞെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം.

മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് സംഘടിത ആക്രമണമാണ് നടക്കുന്നത്. കലാപമുണ്ടാക്കിയാൽ മുഖ്യമന്ത്രി രാജി വയ്ക്കില്ല. ജനത്തെ അണിനിരത്തി നേരിടും. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചനയെ സംബന്ധിച്ച് സർക്കാർ അന്വേഷിക്കണം. ആരോപണം ഉന്നയിച്ചതിന്റെ പിറ്റേന്നു തന്നെ കലാപം ഉണ്ടാക്കിയത് ഗൂഢപദ്ധതിക്ക് ഏറ്റവും വലിയ തെളിവാണ്. നിയമപരമായ കാര്യത്തിനല്ല, കലാപത്തിനാണ് ഗൂഢപദ്ധതി തയാറാക്കിയത്. ഇത്തരം കഥകൾക്കൊക്കെ അധികം ആയുസ്സില്ല. കള്ളക്കഥകൾക്കു മുന്നിൽ സിപിഎം കീഴടങ്ങില്ല. എൽഡിഎഫിൽ ചർച്ച ചെയ്ത് വിപുലമായ ക്യാംപെയിൻ നടത്തി ഗൂഢപദ്ധതിയെ തുറന്നു കാട്ടും.

സ്വർണക്കടത്ത് കേസ് ഉണ്ടായപ്പോൾ ശരിയായ നിലയിൽ അന്വേഷണം നടത്തണം, ഏത് ഏജൻസി വേണമെന്ന് കേന്ദ്രം തീരുമാനിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. സ്വർണം അയച്ചത് ആരാണ്, ഇവിടെ ആരാണ് കൈപ്പറ്റിയത് എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും രണ്ടു കാര്യവും കണ്ടെത്താൻ അന്വേഷണ ഏജന്‍സിക്കു സാധിച്ചിട്ടില്ല. ശരിയായ അന്വേഷണം നടത്തുന്നതിനു വിരുദ്ധമായ നിലപാടാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. ബിജെപി ബന്ധമുള്ളവരിലേക്ക് അന്വേഷണം എത്തുമെന്ന ഘട്ടം വന്നതോടെ അന്വേഷണത്തിന്റെ ഗതി മാറി, അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. മുഖ്യമന്ത്രിയുടെ ഓഫിസിനെ കേസിൽ ബന്ധപ്പെടുത്താനുള്ള ശ്രമം നടന്നു. അതെല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷവും ബിജെപിയും ഇക്കാര്യം ചർച്ചയാക്കിയെങ്കിലും എൽഡിഎഫിനു ഭൂരിപക്ഷം വർധിച്ചു. പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമാണ്. സർക്കാരിനെ ഭരിക്കാൻ സമ്മതിക്കാതെ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനാണ് ശ്രമം. സ്വപ്നയുടെ മൊഴിയിൽ നിറയെ വൈരുദ്ധ്യങ്ങളാണ്. ഓരോ ഘട്ടത്തിലും പലതരത്തിലുള്ള മൊഴി കൊടുത്തു. മൊഴിയുടെ വിശ്വാസ്യത കോടതിയാണ് പരിഗണിക്കേണ്ടത്. ബിരിയാണിയും ചെമ്പുമാണ് സ്വപ്ന പുതുതായി പറഞ്ഞ കാര്യം. നേരത്തെ ഈന്തപ്പഴത്തിൽ സ്വർണം കടത്തി എന്നാണ് പറഞ്ഞത്. അത് ചോദ്യം ചെയ്യപ്പെട്ടപ്പോൾ ബിരിയാണി ചെമ്പിലാക്കിയെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here