കൊല്ലം• ഉപയോഗിച്ച് ഉപേക്ഷിക്കുന്ന സാനിറ്ററി നാപ്കിനുകൾക്ക് പകരം വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നതും പ്രകൃതിക്ക് ദോഷമില്ലാത്തതുമായ ഒരു മാതൃക ഉണ്ടെങ്കിലോ? ആ ചിന്ത അമൃതാനന്ദമയി മഠത്തിലെ സൗഖ്യം കൂട്ടായ്മയെ കൊണ്ടെത്തിച്ചത് വാഴനാരിൽ നിന്ന് സാനിറ്ററി നാപ്കിൻ ഉണ്ടാക്കാമെന്ന കണ്ടെത്തലിലാണ്. 5 വർഷമായി വിജയകരമായി മുന്നോട്ടു പോകുന്ന ‘സൗഖ്യം’ എന്ന ആ സംരംഭം ഒരുപാട് പേരുടെ ജീവിതം വ്യത്യാസപ്പെടുത്തിയ സന്തോഷത്തിലാണ് 20 വർഷമായി അമൃതാനന്ദമയി മഠത്തിൽ താമസിക്കുന്ന പഞ്ചാബി സ്വദേശിയായ അഞ്ജു ബിഷ്ത്. സൗഖ്യത്തെ മുന്നിൽ നിന്നു നയിക്കുന്നത് അഞ്ജുവാണ്.
അമൃതാനന്ദമയി മഠം ഇന്ത്യയിലൊട്ടാകെ 20 ഗ്രാമങ്ങളെ ദത്തെടുക്കുന്നത് 2013 ലാണ്. ഇവിടുത്തെ സ്ത്രീകളുടെ ജീവിതം പഠിച്ചപ്പോൾ ആർത്തവ ശുചിത്വമില്ലായ്മയാണ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം എന്ന് മനസ്സിലായി. കുറഞ്ഞ ചെലവിൽ എല്ലാവർക്കും സാധ്യമാകുന്ന രീതിയിൽ ഇതിന് പരിഹാരം കാണണം എന്നതായിരുന്നു ലക്ഷ്യം. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന പാഡുകൾ ആ സമയത്ത് വ്യാപകമായി ലഭ്യമായിരുന്നില്ല. വിശദമായ അന്വേഷണത്തിനൊടുവിലാണ് വാഴനാരുകൾ ഉപയോഗിച്ച് സാനിറ്ററി നാപ്കിനുകൾ നിർമിക്കാമെന്നും ഇവ നല്ല രീതിയിൽ രക്തം ആഗിരണം ചെയ്യുമെന്നും കണ്ടെത്തുന്നത്. അങ്ങനെയായിരുന്നു ‘സൗഖ്യ’ത്തിന്റെ തുടക്കം. ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ 8 പ്രൊഡക്‌ഷൻ യൂണിറ്റുകളിലായി ഇരുനൂറിനടുത്ത് സ്ത്രീകൾ സംരംഭത്തിന്റെ ഭാഗമാണ്. ഈ വർഷത്തെ ‘നീതി ആയോഗ് വുമൺ ട്രാൻസ്ഫോമിങ് ഇന്ത്യ’ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട 75 വനിതകളുടെ ബിസിനസ് സംരംഭത്തിലൊന്നാണ് ‘സൗഖ്യം’.
പ്ലാസ്റ്റിക് പാഡുകൾ നൂറു കണക്കിന് വർഷങ്ങൾ കൊണ്ടേ പൂർണമായും മണ്ണിലേക്ക് അലിഞ്ഞു ചേരൂ. പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ ദോഷവശങ്ങൾ വേറേ. പാഡുകളിൽ ഉപയോഗിക്കുന്ന സെല്ലുലോസ് ജെൽ നിർമിക്കുന്നതിനായി മരങ്ങൾ മുറിക്കേണ്ടി വരുന്നു എന്നതാണ് ഇവർ മുന്നോട്ടു വെക്കുന്ന പ്രധാന വാദം. വാഴനാരും തുണിയും ഉപയോഗിച്ച് നിർമിക്കുന്ന സാനിറ്ററി പാഡുകളാവട്ടെ ഇത്തരത്തിൽ പ്രകൃതിക്ക് ദോഷം ചെയ്യുന്നില്ല. 3 മുതൽ 5 വർഷം വരെ ആവർത്തിച്ച് ഉപയോഗിക്കാം. ‘‘ഇതിലേക്ക് മാറാൻ ആദ്യം ഒരു പക്ഷേ ബുദ്ധിമുട്ട് ഉണ്ടായേക്കാം. പക്ഷേ, അങ്ങനെയൊരു തീരുമാനം എടുത്താൽ പ്രകൃതിയോട് ചെയ്യുന്ന വലിയ നന്മയാണത്. ആർത്തവ ദിനങ്ങൾ കൂടുതൽ മെച്ചപ്പെട്ടുവെന്നാണ് ഉപയോഗിച്ചവരുടെ സാക്ഷ്യം.’’ അഞ്ജു പറയുന്നു.