വെള്ളിത്തിരയിലെ വില്ലൻ വേഷങ്ങളിലൂടെ പരിചിതമായ മുഖമാണ് കിഷോർ കുമാറിന്റേത്. തിരുവമ്പാടി തമ്പാൻ, അച്ചാ ദിൻ, പുലിമുരുഗൻ, മിഖായേൽ, എരിഡ, പോർക്കളം, ആടുകളം, വട ചെന്നൈ തുടങ്ങി നൂറോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയത് പ്രേക്ഷകരുടെ കയ്യടി നേടിയ അഭിനേതാവാണ് കിഷോർ. ചമയങ്ങളഴിച്ചു വച്ചാൽ കിഷോർ കുമാറിന്റെ ജീവിതം പരിസ്ഥിതിയുമായി ഇണങ്ങിയ ഒരു കർഷകന്റേതായി മാറും. ബെംഗളൂരു നഗരത്തിൽ നിന്ന് 35 കിലോമീറ്റർ മാറി ബന്നാർഘട്ട ദേശീയ ഉദ്യാനത്തിന് സമീപമുള്ള ഒരു പുരയിടവും എട്ടേക്കർ ഭൂമിയുമാണ് കിഷോറിന്റെ ലോകം.
പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം ഏറെ കാലം മനസ്സിൽ സൂക്ഷിച്ച മോഹമായിരുന്നുവെന്നും തന്റെ ഏറ്റവും നല്ല തിരഞ്ഞെടുപ്പായിരുന്നുവെന്ന് കിഷോർ പറയുന്നു. താനൊരു പരിസ്ഥിതി പ്രവർത്തകനല്ല എന്ന ആമുഖത്തോടെയാണ് കിഷോർ കുമാർ സംസാരിച്ചു തുടങ്ങിയത്. “പലർക്കും അവരാഗ്രഹിക്കുന്ന പോലെ ജീവിക്കാനുള്ള ഭാഗ്യം ലഭിക്കാറില്ല, എനിക്കത് സാധിച്ചുവെന്ന് മാത്രം”, കിഷോർ പറയുന്നു.
സിനിമയിലെ വില്ലൻ വേഷങ്ങൾ ഞാൻ തിരഞ്ഞെടുത്തതല്ല, അതെന്നെ തേടിയെത്തിയതാണ് (ചിരിക്കുന്നു). പക്ഷേ അതെല്ലാം ഞാൻ ആസ്വദിക്കുന്നുവെന്ന് അടിവരയിടുന്നു. പ്രകൃതിയോടിണങ്ങിയുള്ള ജീവിതം എന്റെ തിരഞ്ഞെടുപ്പായിരുന്നു. വളരെ പതിയെയായിരുന്നു ഈ യാത്ര. എന്റെ മുത്തച്ഛന് കൃഷിയിൽ വലിയ താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ കൃഷി സ്ഥലത്ത് കുട്ടിക്കാലത്ത് ഞാൻ പോകാറുണ്ടായിരുന്നു. അവിടെ ഞാനെന്റെ നായയുമായി പോകുകയും മുത്തച്ഛൻ ജോലി ചെയ്യുന്നത് നോക്കിയിരിക്കുന്നതും പതിവായിരുന്നു. ക്രമേണ എന്റെയുള്ളിലും മണ്ണിനോടുള്ള പ്രണയം മൊട്ടിട്ടു. കോളേജ് കാലഘട്ടത്തിൽ ഞാൻ വായിച്ചതും പഠിച്ചതുമായ സാഹിത്യകൃതികളിലെല്ലാം പ്രകൃതി വർണനകൾ ധാരാളമുണ്ടായിരുന്നു. കാരണം കന്നടയിലെ ഒരുപാട് സാഹിത്യപ്രതിഭകൾ പശ്ചിമഘട്ടത്തോട് ചുറ്റപ്പെട്ട പ്രദേശങ്ങളിൽ ജനിച്ചവരാണ്. അവരുടെ എഴുത്തുകളിൽ പ്രകൃതി സ്വാഭാവികമായും കടന്നുവരും. എന്റെ അമ്മ നന്നായി വായിക്കുമായിരുന്നു. അമ്മ എനിക്കു പരിചയപ്പെടുത്തിയ പുസ്തകങ്ങളും ഇതേ വിഭാഗത്തിൽപ്പെട്ടതായിരുന്നു. ഇതെല്ലാം എന്നിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
ബെംഗളൂരു സിറ്റിയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ്. ഭൂമി വാങ്ങിക്കുന്ന സമയത്ത് അവിടെ കാര്യമായ ചെടികളോ മരങ്ങളോ യാതൊന്നും തന്നെയുണ്ടായിരുന്നില്ല. ബന്നാർഘട്ട ദേശീയ ഉദ്യാനത്തിനടുത്തുള്ള പ്രദേശത്തിന്റെയടുത്ത് എന്നത് തന്നെയായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ആകർഷണമായിരുന്നു. വെള്ളത്തിന് ബുദ്ധിമുട്ടുവരാനുള്ള സാധ്യത വളരെ കുറവായിരിക്കും.
കൂട്ടിവച്ചതും കടം വാങ്ങിയതുമായ പണം കൊണ്ടാണ് ഭൂമി വാങ്ങിയത്. പതിയെ പതിയെയാണ് അതെല്ലാം വീട്ടിയത്. ആദ്യത്തെ രണ്ടു വർഷങ്ങൾ എനിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഒഴിവ് സമയങ്ങളിൽ ഒരു പ്രേതത്തേ പോലെ ഞാൻ അവിടെ ചുറ്റിത്തിരിഞ്ഞു. സത്യത്തിൽ അത് ആവശ്യമായിരുന്നു കാരണം. ഭൂപ്രദേശത്തെക്കുറിച്ചും മണ്ണ്, ജലസ്ത്രോതസ്സ് എന്നിവയെക്കുറിച്ച് മനസ്സിലാകണമെങ്കിൽ അൽപ്പം സമയമെടുക്കും. ഭൂമിയിൽ പണിയെടുക്കാനും സഹായത്തിനുമായി അധികം ആളുകളൊന്നും തുടക്കത്തിൽ ഉണ്ടായിരുന്നില്ല. ആദ്യം മരങ്ങൾ വയ്ച്ചു പിടിച്ചു. പിന്നീട് വീടു വയ്ച്ചു. കല്ല്, ഓട്, മരം, മണ്ണ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആവസ്യത്തിന് മാത്രം സൗകര്യമുള്ള വീടാണ് വച്ചത്. പലരും എന്നെ എതിർത്തു. പല കോണുകളിലും നിന്ന് എതിർപ്പുണ്ടായിരുന്നു. വലിയ റിസ്കാണ് എടുക്കുന്നത് എന്നും മറ്റുമാണ് അവർ പറഞ്ഞത്. എന്നാൽ എന്റെ ആഗ്രഹം അത്രയും ആഴത്തിലായിരുന്നു. അതിൽ നിന്ന് പിൻമാറാൻ എനിക്ക് സാധിച്ചില്ല.
പ്രകൃതിയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്ക് പ്രകൃതിയെയാണ് ആവശ്യം. നമ്മൾ എന്തെങ്കിലും പ്രകൃതിയ്ക്ക് നൽകിയാൽ പ്രകൃതി നമുക്കും അത് മടക്കിത്തരും. മരം വെട്ടുന്നതിന് ഞാൻ എതിരൊന്നുമല്ല. എന്നാൽ ആവശ്യത്തിനായിരിക്കണം, ആർത്തിക്കുവേണ്ടിയാകരുത്. ഒരു മരം മുറിയ്ക്കേണ്ടി വന്നാൽ കുറഞ്ഞത് പകരമായി ഒരു മരം നട്ടുവളർത്തണം. കഴിഞ്ഞ തലമുറ ബാക്കി വച്ചതും, അവർ പ്രകൃതിയ്ക്ക് നൽകിയതുമാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. നമ്മളും എന്തെങ്കിലും നൽകണം. നല്ല വായുവും വെള്ളവും എല്ലാവരും അർഹിക്കുന്നു. പ്രകൃതി ദിനത്തിൽ എനിക്ക് പ്രത്യേക സന്ദേശമൊന്നും പറയാനില്ല.