തൃശൂരിലെ ബാങ്ക് കവർച്ച; പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം

0
39

ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിലെ പട്ടാപ്പകൽ കവർച്ചയിൽ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം. കേസ് അന്വേഷണത്തിനായി ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതി സഞ്ചരിച്ച വാഹനം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ് ആണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്. കവർച്ച നടത്തിയ പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതൽ ഇടത്തേക്ക് വ്യാപിപ്പിക്കും. പ്രതി കേരളം വിട്ടോ എന്ന് സംശയിക്കുന്നതിനാൽ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം നടത്തും. പ്രതിസഞ്ചരിച്ച വാഹനം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭ്യമായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തൃശ്ശൂർ റൂറൽ എസ് പി വി കൃഷ്ണകുമാർ ആണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ ആയിരുന്നു മോഷണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സ്കൂട്ടറിൽ കയ്യുറകളും ഹെൽമെറ്റും, ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഭക്ഷണ ഇടവേള ആയതിനാൽ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണ മുറിയിലായിരുന്നു. ബാങ്ക് മാനേജർ ഉൾപ്പെടെ രണ്ടുപേർ മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. ഇവരെ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക് ആക്കി വാതിൽ പുറത്തുനിന്നും പൂട്ടുകയായിരുന്നു.

ക്യാഷ് കൗണ്ടറിൽ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച് പണം കവർന്നു. കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നത്. മോഷ്ടാവ് ഹെൽമറ്റ് വച്ച് കൈയുറ ധരിച്ചതിനാൽ ജീവനക്കാർക്കും പോലീസിനും ആളെ തിരിച്ചറിയാൻ ആയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here