എജ്ബാസ്റ്റൺ: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ. 49 റൺസ് ജയത്തോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി (2-0). നായകൻ രോഹിത് ശർമയ്ക്ക് കീഴിൽ ഇന്ത്യയുടെ തുടർച്ചയായ 14-ാം ട്വന്റി 20 വിജയം കൂടിയാണിത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തുടർച്ചയായ നാലാം ട്വന്റി 20 പരമ്പര ജയവും.
ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 17 ഓവറിൽ 121 റൺസിന് ഓൾഔട്ടായി. ശേഷിക്കുന്ന മത്സരം ഞായറാഴ്ച ട്രെൻഡ് ബ്രിഡ്ജിൽ നടക്കും. കണിശതയോടെ പന്തെറിഞ്ഞ ബൗളർമാരാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
171 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ആദ്യ പന്തിൽ തന്നെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണർ ജേസൺ റോയിയെ (0) ഭുവനേശ്വർ കുമാർ രോഹിത് ശർമയുടെ കൈയിലെത്തിച്ചു. പിന്നാലെ മൂന്നാം ഓവറിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലറെയും (4) മടക്കിയ ഭുവി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.
തുടർന്ന് ക്രീസിലെത്തിയപാടെ തകർത്തടിച്ച് തുടങ്ങിയ ലിയാം ലിവിങ്സ്റ്റന്റെ ഈഴമായിരുന്നു. ജസ്പ്രീത് ബുംറയുടെ ഓഫ്കട്ടറിൽ മറുപടിയില്ലാതായിപ്പോയ ലിവിങ്സ്റ്റന്റെ വിക്കറ്റുമായി പന്ത് പറന്നു. ഒമ്പത് പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 15 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ശേഷം കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഹാരി ബ്രൂക്കിനെ (8) യുസ്വേന്ദ്ര ചാഹൽ, സൂര്യകുമാർ യാദവിന്റെ കൈയിലെത്തിച്ചു. പത്താം ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മലാനെയും ചാഹൽ മടക്കിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 55 എന്ന നിലയിലേക്ക് വീണു. 25 പന്തിൽ നിന്ന് 19 റൺസ് മാത്രമാണ് മലാന് നേടാനായത്.
21 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 35 റൺസെടുത്ത മോയിൻ അലി ഒറ്റയ്ക്ക് പൊരുതി നോക്കിയെങ്കിലും 15-ാം ഓവറിൽ അലിയെ മടക്കി ഹാർദിക് ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും ഇല്ലാതാക്കി. 22 പന്തിൽ നിന്ന് 33 റൺസെടുത്ത ഡേവിഡ് വില്ലി പുറത്താകാതെ നിന്നു. സാം കറൻ (2), ക്രിസ് ജോർദാൻ (1), റിച്ചാർഡ് ഗ്ലീസൺ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ മൂന്നും ബുംറ, ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തിരുന്നു. 29 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 46 റൺസോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.