തിരുവനന്തപുരം • കിഫ്ബി, സ്മാര്‍ട് സിറ്റി പദ്ധതികള്‍ നടപ്പിലാക്കുന്ന കേരള റോഡ് ഫണ്ട് ബോര്‍ഡ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി മുഹമ്മദ് റിയാസ്. പല സീറ്റുകളിലും ജീവനക്കാരില്ലാത്തതും അവധി കഴിഞ്ഞ് ജോലിക്ക് ഹാജരാകാത്തതും മൂവ്മെന്‍റ് റജിസ്റ്റര്‍ സൂക്ഷിക്കാത്തതും കരാര്‍ ജീവനക്കാരടക്കം ദിവസങ്ങളോളം ഓഫിസില്‍ വരാത്തതും മന്ത്രിയുടെ പരിശോധനയില്‍ കണ്ടെത്തി. ഇത്തരം കാര്യങ്ങളിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
‘‘ചില ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല. തെറ്റായ പ്രവണതകള്‍ സ്വീകരിക്കുന്നതും അംഗീകരിക്കാനാവില്ല. ഇവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കും. പൊതുമരാമത്ത് ഓഫിസുകളിലെ കാര്യങ്ങള്‍ മന്ത്രിയുടെ ഓഫിസും പൊതുമരാമത്ത് സെക്രട്ടറിയും അറിയണം. ഇതിനായി പുതിയൊരു സംവിധാനമൊരുക്കും’ – മന്ത്രി പറഞ്ഞു.