വ്യോമസേനയില്‍ അഗ്നിവീര്‍വായു തസ്തികയില്‍ അപേക്ഷകള്‍ ക്ഷണിച്ചു.

0
35

വ്യോമസേനയില്‍ ‘അഗ്നിവീർവായു’ തസ്തികയില്‍ അപേക്ഷകള്‍ ക്ഷണിച്ചു.02/2025 ബാച്ചിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത് .

അവിവാഹിതരായ പുരുഷന്മാർക്കും വനിതകള്‍ക്കുമാണ് അവസരം.നാലുവർഷത്തേക്കാണ് നിയമനം. സെലക്ഷൻ ടെസ്റ്റ് ഒക്ടോബർ 18ന് ആരംഭിക്കും. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ജൂലൈ എട്ടിന് രാവിലെ 11 മുതല്‍ 28 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.

യോഗ്യത: 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും മധ്യേ ജനിച്ചവരാകണം. 21 വയസ്സ് കവിയാൻ പാടില്ല. അവിവാഹിതരായിരിക്കണം. സേവന കാലയളവില്‍ വിവാഹം പാടില്ല.

മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ ഹയർ സെക്കൻഡറി/പ്ലസ് ടു മൊത്തം 50 ശതമാനം മാർക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിന് 50 ശതമാനം മാർക്കില്‍ കുറയാതെയുണ്ടാകണം.

അല്ലെങ്കില്‍ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്/ഓട്ടോമൊബൈല്‍/കമ്ബ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐ.ടി) മൊത്തം 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഡിപ്ലോമ/മെട്രിക്കുലേഷൻ/ഹയർ സെക്കൻഡറി തലത്തില്‍ ഇംഗ്ലീഷിന് 50 ശതമാനം മാർക്കില്‍ കുറയാതെയുണ്ടാകണം.

ശാസ്ത്രേതര വിഷയങ്ങളില്‍/സ്ട്രീമില്‍ പ്ലസ് ടു/വി.എച്ച്‌.എസ്.ഇ/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാർക്കോടെ വിജയിച്ചവർക്കും അപേക്ഷിക്കാം. ഇംഗ്ലീഷിനും 50 ശതമാനം മാർക്കില്‍ കുറയാതെ വേണം.

ഉയരം പുരുഷന്മാർക്ക് 152.5 സെ.മീറ്ററില്‍ കുറയാതെയും വനിതകള്‍ക്ക് 152 സെ.മീറ്ററില്‍ കുറയാതെയും ഇതിനനുസൃതമായ ഭാരവും ഉണ്ടാകണം. നെഞ്ചളവ് പുരുഷന്മാർക്ക് 77 സെ.മീറ്ററില്‍ കുറയരുത്. വികാസശേഷി പുരുഷന്മാർക്കും വനിതകള്‍ക്കും അഞ്ച് സെ.മീറ്ററില്‍ കുറയാതെ വേണം. നല്ല കാഴ്ച/കേള്‍വിശക്തിയുണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം.

സെലക്ഷൻ: ഓണ്‍ലൈൻ ടെസ്റ്റ്, ശാരീരിക ക്ഷമത പരിശോധന, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദമായ സെലക്ഷൻ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ സൈനിക പരിശീലനം നല്‍കി നിയമിക്കും.

ആദ്യവർഷം പ്രതിമാസം 30,000 രൂപ, രണ്ടാം വർഷം 33000 രൂപ, മൂന്നാം വർഷം 36500 രൂപ, നാലാം വർഷം 40,000 രൂപ എന്നിങ്ങനെയാണ് ശമ്ബളം. തുകയുടെ 30 ശതമാനം കോർപസ് ഫണ്ടിലേക്ക് പിടിക്കും. സേവനകാലാവധി പൂർത്തിയാക്കി പിരിഞ്ഞുവരുമ്ബോള്‍ സേവാനിധിയായി 10.04 ലക്ഷം രൂപ നല്‍കുന്നതാണ്. ഗ്രാറ്റ്വിറ്റിയോ പെൻഷനോ ലഭിക്കില്ല.

എയർമെൻ തസ്തികയില്‍ സ്ഥിരം ജോലിക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. സേവനമികവ് പരിഗണിച്ച്‌ 25 ശതമാനം പേർക്ക് സ്ഥിരനിയമനത്തിന് അർഹതയുണ്ടായിരിക്കും.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://agnipathvayu.cdac.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here