പാക് ആക്രമണ നീക്കത്തിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉന്നത തല യോഗം വിളിച്ചു. സേന മേധാവിമാരും സിഡിഎസും യോഗത്തിൽ പങ്കെടുക്കും. രജൗരിയിൽ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഷെൽ ആക്രമണം തുടരുന്നതിനിടയിലാണ് യോഗം വിളിച്ചിരിക്കുന്നത്. റാംബാനിലെ ചെനാബ് നദിയിൽ നിർമ്മിച്ച ബാഗ്ലിഹാർ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ നിരവധി ഗേറ്റുകൾ തുറന്നു.
ഇതിനിടെ പാക് ദേശീയ കമാൻഡിന്റെ അടിയന്തര യോഗം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വിളിച്ചു. ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്നും കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സംഘം ആവശ്യപ്പെട്ടു.
ജമ്മുവിൽ പാകിസ്താൻ പ്രകോപനം തുടരുകയാണ്. പൂഞ്ചിൽ ഇന്ത്യൻ വ്യോമാതിർത്തി കടന്ന പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. 26 സ്ഥലങ്ങളിൽ പാകിസ്താന്റെ ഡ്രോണുകൾ തകർത്തു. പാകിസ്താന്റെ മൂന്ന് വ്യോമത്താവളങ്ങളിൽ സ്ഫോടനമുണ്ടായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നൂർഖാൻ, റാഫിഖി, മുറിദ് വ്യോമത്താവളങ്ങളിലാണ് സ്ഫോടനമുണ്ടായത്.