ഇന്ത്യക്കെതിരായ സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് പിന്നാലെ, ഇന്ത്യൻ ട്രാവൽ കമ്പനികളും ഏജൻസികളും തുർക്കിയോടും അസർബൈജാനോടും ശക്തമായ നിലപാട് സ്വീകരിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദശലക്ഷക്കണക്കിന് ഇന്ത്യൻ വിനോദസഞ്ചാരികൾ ഈ രാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയെങ്കിലും, ട്രാവൽ ഓപ്പറേറ്റർമാരും സ്റ്റാർട്ടപ്പുകളും ഇപ്പോൾ ഈ പാക്കേജുകളെല്ലാം താൽക്കാലികമായി റദ്ദാക്കുകയാണന്നാണ് വിവരം. ഇന്ത്യ- പാക് സംഘർഷത്തിൽ പാകിസ്ഥാന് അനുകൂലമായി ഇരു രാജ്യങ്ങളും നിലപാട് സ്വീകരിച്ചത് ഇന്ത്യൻ വിനോദ സഞ്ചാരികളെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിവരം.
തുർക്കിയുടെ ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചതെന്നതും ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
“തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള എല്ലാ പുതിയ യാത്രാ പ്ലാനുകളും ഞങ്ങൾ ഇപ്പോൾ താൽക്കാലികമായി നിർത്തുകയാണ്,” പിക്ക് യുവർ ട്രെയിലിന്റെ സഹസ്ഥാപകൻ ഹരി ഗണപതി പറഞ്ഞു.
സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ, തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള എല്ലാ പുതിയ ബുക്കിംഗുകളും താൽക്കാലികമായി നിർത്താൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. “ഇത് ഇന്ത്യയുടെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായ നയങ്ങൾക്കെതിരായ ഒരു നിലപാടാണ്. ഒരു ഇന്ത്യൻ ട്രാവൽ കമ്പനി എന്ന നിലയിൽ, ഞങ്ങളുടെ ആദ്യ കടമ ഇന്ത്യൻ വിനോദ സഞ്ചാരിയോടാണ്.” – അദ്ദേഹം പറഞ്ഞു.