ആവശ്യക്കാർ കൂടിയതോടെ അമേരിക്കയിലേക്ക് ഐഫോണുകൾ എത്തിക്കാനുള്ള തിരക്കിട്ട പണിയിലാണിപ്പോൾ ഇന്ത്യ . ജൂൺ മാസത്തോടെ 12 മുതൽ 14 ബില്യൺ വരെ വിലമതിക്കുന്ന ഫോണുകൾ വിതരണം ചെയ്യാനാണ് കമ്പനി നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനായി ആപ്പിൾ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്.
യു എസ്സിലേക്കുള്ള ഐ ഫോണുകളുടെ കയറ്റുമായി വർധിച്ചാൽ അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് 40 ബില്യൺ ഡോളർ മൂല്യമുള്ള ഫോണുകൾ ഉത്പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ആപ്പിളിന്റെ ആവശ്യം നിറവേറ്റി നിർമ്മാണം വേഗത്തിലാക്കാൻ ഇന്ത്യൻ കമ്പനികളായ ടാറ്റ ഇലക്ട്രോണിക്‌സും ഫോക്‌സ്‌കോണും കഠിന പ്രയത്നത്തിലാണെന്നും, ഇതിൽ 80 ശതമാനവും യു എസിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക തീരുവ വർധിപ്പിച്ചതിനാലാണ് ആപ്പിളിന്റെ ഈ പുതിയ ചുവടുമാറ്റം .2024-ൽ ആപ്പിൾ ഇന്ത്യയിൽ നിന്ന് 40–45 ദശലക്ഷം ഐഫോണുകൾ നിർമിച്ചിരുന്നു. ഇത് ആഗോള ഉൽപ്പാദനത്തിന്‍റെ ഏകദേശം 18 മുതൽ 20 ശതമാനം വരെ ആയിരുന്നു.യുഎസിലേക്കുള്ള ഐഫോൺ കയറ്റുമതി ഇപ്പോൾ റെക്കോർഡ് വേഗത്തിലാണെന്നും വാർത്തകളുണ്ട് . എസ് ആൻഡ് പി ഗ്ലോബലിന്‍റെ കണക്കനുസരിച്ച്, മാർച്ച് മാസത്തിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ഐഫോണുകളുടെ 98 ശതമാനവും അമേരിക്കയിലേക്കാണ്. ഇതിന്റെ ഭൂരിഭാഗവും നിർമിച്ചിരിക്കുന്നത് ഫോക്‌സ്‌കോൺ കമ്പനിയാണ് .