ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തെ പാര്‍ലമെന്റ് തള്ളി. വിദേശ ഇടപെടല്‍ ആരോപിച്ചാണ് നീക്കം. അതേസമയം സഭ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റിനെ സമീപിച്ചിരിക്കുകയാണ് ഇമ്രാന്‍. പാകിസ്താന്‍ തിരഞ്ഞെടുപ്പിലേക്ക് പോകുന്നുവെന്നാണ് സൂചന. പ്രസിഡന്റിന് കത്തയച്ചതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് ഉണ്ടാക്കണം. ജനങ്ങളോട് തിരഞ്ഞെടുപ്പിന് തയ്യാറായി ഇരിക്കാന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. പാകിസ്താന്‍ പാര്‍മെന്റ് ഏപ്രില്‍ 25ലേക്ക് പിരിഞ്ഞിരിക്കുകയാണ്
അതേസമയം അവിശ്വാസ പ്രമേയം നമ്മള്‍ക്കെതിരെയുള്ള വിദേശ ഗൂഢാലോചനയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സ്പീക്കറുടെ തീരുമാനത്തില്‍ ഓരോ പാകിസ്താനിയെയും ഞാന്‍ അഭിനന്ദിക്കുന്നു. ആരാണ് ഭരിക്കേണ്ടതെന്ന് പാകിസ്താനാണ് തീരുമാനിക്കേണ്ടതെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ നീക്കത്തെ അംഗീകരിക്കുക എന്നാണ് ആദ്യത്തെ ഓപ്ഷന്‍. അതല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടാം. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാവല്‍ സര്‍ക്കാര്‍ പാകിസ്താനിലെ കാര്യങ്ങള്‍ തീരുമാനിക്കും. ഇതൊക്കെയാണ് ഇമ്രാന്‍ ഖാന് മുന്നിലുള്ള മാര്‍ഗങ്ങള്‍
ഭരണഘടനയുടെ അഞ്ചാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി സ്പീക്കര്‍ കാസിം ഖാന്‍ സുരി അവിശ്വാസ പ്രമേയം തള്ളിയത്. ആര്‍ട്ടിക്കിള്‍ 5 പ്രകാരം രാജ്യത്തോട് കൂറുണ്ടാവുക എന്നത് ഓരോ പ ൗരന്റെയും സ്വാഭാവികമായ കടമയാണ്. ഭരണഘടനയോടും നിയമത്തോടും അതുപോലെ കൂറുണ്ടാവണണെന്നും ഈ നിയമത്തില്‍ പറയുന്നുണ്ട്. അതേസമയം ഇമ്രാന്‍ ഖാന്‍ വലിയ പ്രതിസന്ധിയാണ് തല്‍ക്കാലം ഒഴിവാക്കിയത്. പ്രതിപക്ഷം അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്നും, ജയിക്കാനാവശ്യമായ അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു. അവിശ്വാസം പാസാക്കാന്‍ 172 അംഗങ്ങളുടെ വോട്ടായിരുന്നു വേണ്ടത്. പാകിസ്താന്‍ പാര്‍ലമെന്റില്‍ 342 സീറ്റാണ് ഉള്ളത്. ഇമ്രാന്‍ സഖ്യകക്ഷിയും അവരുടെ 17 പാര്‍ലമെന്റ് അംഗങ്ങളും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു. ഇതോടെ ഇമ്രാന്‍ ഖാന്‍ അധികാരത്തിന് പുറത്താവുമെന്ന് കരുതിയിരുന്നു. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയില്‍ അടക്കം വലിയ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. റോഡുകള്‍ അടക്കം ബ്ലോക് ചെയ്തിരുന്നു. അതേസമയം പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അവിശ്വാസ പ്രമേയത്തെ അനുവദിക്കാതെ സര്‍ക്കാര്‍ ഭരണഘടനാ ലംഘനമാണ് നടത്തിയതെന്ന് ബിലാവല്‍ ഭൂട്ടോ പറയുന്നു. പാര്‍ലമെന്റ് വിടാന്‍ ഐക്യ പ്രതിപക്ഷം തയ്യാറായിട്ടില്ല. അഭിഭാഷകര്‍ ഉടന്‍ സുപ്രീം കോടതിയില്‍ എത്തുമെന്ന് ഭൂട്ടോ പറഞ്ഞു.