ന്യൂഡൽഹി: കോൺഗ്രസുമായി ഇനി യോജിച്ച് പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തിരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡ് കോൺഗ്രസ് തകർത്തെന്നും അതിനാലാണ് ഇനി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കാത്തതിന് കാരണമെന്നും അദ്ദേഹം ബിഹാറിൽ പറഞ്ഞു.
അന്തരിച്ച ആർ.ജെ.ഡി. നേതാവ് രഘുവൻശ് പ്രസാദ് സിംഘിന്റെ വൈശാലിയിലെ വസതിയിൽനിന്ന് ആരംഭിച്ച ജൻ സുരാജ് യാത്രയ്ക്കിടെയാണ് കോൺഗ്രസിനോടുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പു വിജയത്തിലെ എന്റെ റെക്കോഡ് കോൺഗ്രസ് തകർത്തു. അതുകൊണ്ട് ഇനി ഞാൻ അവർക്കൊപ്പം പ്രവർത്തിക്കില്ല. കോൺഗ്രസ് നന്നാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2011 മുതൽ 2021 വരെ 11 തിരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015-ൽ ബിഹാറിൽ ജയിച്ചു. 2017-ൽ പഞ്ചാബിൽ വിജയിച്ചു. 2019-ൽ ജഗൻ മോഹൻ റെഡ്ഡി ആന്ധ്രാപ്രദേശിൽ വിജയിച്ചു. തമിഴ്നാട്ടിലും ബംഗാളിലും വിജയിച്ചു. 11 വർഷത്തിനിടെ ഒരേയൊരു തിരഞ്ഞെടുപ്പിൽ മാത്രമാണ് പരാജയപ്പെട്ടത്, 2017-ലെ ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ. അതുകൊണ്ടാണ് ഇനിയൊരിക്കലും കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് ഞാൻ തീരുമാനിച്ചത് പ്രശാന്ത് കിഷോർ പറഞ്ഞു.