ദക്ഷിണ മെക്സിക്കോയിൽ മരങ്ങളിൽ നിന്ന് കുരങ്ങുകൾ കൂട്ടത്തോടെ ചത്തു വീഴുന്നു;

0
57

മരങ്ങളിൽ നിന്ന് ഹോളർ (ഒച്ചയുണ്ടാക്കുന്ന) കുരങ്ങുകൾ ചത്തുവീഴുന്ന അതിദാരുണമായ ദൃശ്യങ്ങളാണ് മെക്സിക്കോയിൽ നിന്ന് പുറത്തുവരുന്നത്. എന്താണ് ദക്ഷിണ മെക്സിക്കോയിൽ സംഭവിക്കുന്നത്. കൂട്ടത്തോടെ കുരങ്ങുകൾ ചത്തുവീഴാനുള്ള സാഹചര്യം എന്താണ്?കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ കനത്ത ചൂടാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

മേഖലയിൽ അസാധാരണമായ താപനിലയാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്തെ വന്യജീവി സമ്പത്തിനെ ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് ഈ സംഭവത്തിൽ നിന്ന് മനസ്സിലാകുന്നത്.വളരെ വ്യത്യസ്തമായ രീതിയിൽ ശബ്ദമുണ്ടാക്കുന്ന കാര്യത്തിൽ പ്രശസ്തരാണ് താരതമ്യേനെ വലുപ്പം കുറഞ്ഞ ഈ ഹോളർ കുരങ്ങുകൾ. രാവിലെയും വെെകുന്നേരവുമാണ് സാധാരണയായി ഇവ കൂട്ടത്തോടെ ശബ്ദമുണ്ടാക്കുക.

ഒരു കൂട്ടം ആദ്യം ശബ്ദമുണ്ടാക്കുമ്പോൾ മറ്റൊരു കൂട്ടം മറുപടിയായി ശബ്ദമുണ്ടാക്കുന്ന രീതിയാണുള്ളത്.കനത്ത ചൂടും അത് കാരണമുണ്ടാകുന്ന നിർജ്ജലീകരണവുമാണ് കുരങ്ങുകളുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായി മാറുന്നത്. നിരവധി കുരങ്ങുകൾ ഇതിനകം ചത്തുവീണതായി എബിസി റിപ്പോർട്ട് ചെയ്യുന്നു. കുരങ്ങുകൾ ചൂട് സഹിക്കാനാകാതെ ചത്തുവീഴുന്ന കാഴ്ച്ച കണ്ട് ഏറെ സങ്കടത്തിലാണ് ഇവിടെയുള്ള പ്രാദേശികവാസികളും വിദഗ്ദരുമെല്ലാം.

കാലാവസ്ഥാ വ്യതിയാനം ലോകത്തെ വന്യജീവി സമ്പത്തിനെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നുവെന്നതിൻ്റെ നേർക്കാഴ്ച്ചയാണ് മെക്സിക്കോയിൽ കാണാൻ സാധിക്കുന്നത്. കാലങ്ങളായി ഈ കുഞ്ഞൻ കുരങ്ങുകൾ ജീവിച്ചുവന്നിരുന്ന പ്രദേശം അവർക്ക് ജീവിതയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. “ഇത്തവണ ഉഷ്ണതരംഗം വളരെ കൂടുതലാണ്, ഇതുവരെ ഇങ്ങനെ ഒരു കാഴ്ച്ച ഞങ്ങൾ കണ്ടിട്ടില്ല. ആവശ്യത്തിന് ജലം കണ്ടെത്താനാകാതെ ഹോളർ കുരങ്ങുകൾ മരങ്ങളിൽ നിന്ന് ചത്തുവീഴുകയാണ്”- ഒരു പ്രാദേശിക വന്യജീവി വിദഗ്ദൻ പറയുന്നു.

ഇത് മെക്സിക്കോയിലെ മാത്രം പ്രശ്നമല്ല എന്നതാണ് യാഥാർത്ഥ്യം. ലോകത്തെമ്പാടും വിവിധ തരത്തിലുള്ള ജീവികൾ കാലാവസ്ഥാ വ്യതിയാനം കാരണമുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഹോളർ കുരങ്ങുകൾ മാത്രമല്ല, മറ്റു വന്യജീവികളും സസ്യവർഗങ്ങളും ഈ പ്രശ്നം നേരിടുന്നുണ്ട്. വന്യജീവികളും സസ്യങ്ങളും ഈ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അത് ഈ പ്രദേശങ്ങളിലുള്ള മനുഷ്യരെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.

നിലവിൽ രൂക്ഷമായ ഉഷ്ണതരംഗത്തെ നേരിടുന്നതിനുള്ള പരിശ്രമങ്ങൾ മെക്സിക്കൻ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും ചേർന്ന് നടത്തുന്നുണ്ട്. വാട്ടർ സ്റ്റേഷനുകൾ സ്ഥാപിച്ചും ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തിയുമാണ് അധികൃതർ മുന്നോട്ടുപോകുന്നത്. അതോടൊപ്പം വന്യജീവി സംരക്ഷണത്തിനായി രംഗത്തുള്ള ആക്ടിവിസ്റ്റുകളും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. “നമ്മുടെ വന്യജീവി സമ്പത്ത് സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തിരമായ നടപടികൾ സ്വീകരിക്കണം, ഇപ്പോഴത്തെ സാഹചര്യം രൂക്ഷമാണ്” – പ്രാദേശിക വന്യജീവി സംരക്ഷണ സംഘത്തിൻ്റെ വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here