വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്കെത്തുന്നത് ഒഴിവാക്കാൻ വനമേഖലയിൽ വ്യാപകമായി ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാൻ വനംവകുപ്പിന്റെ ആലോചന.

0
63

നെടുമങ്ങാട്: വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്കെത്തുന്നത് ഒഴിവാക്കാൻ വനമേഖലയിൽ വ്യാപകമായി ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാൻ വനംവകുപ്പിന്റെ ആലോചന. ആഹാരത്തിനും വെള്ളത്തിനും വേണ്ടിയാണ് കാട്ടാന ഉൾപ്പെടെ ജനവാസമേഖലയിലേക്കെത്തുന്നതെന്നാണ് കണ്ടെത്തൽ. പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങിയ ഫലവൃക്ഷങ്ങളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുന്നത്.

ആന, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയവ ഭക്ഷണംതേടി നാട്ടിലേക്കിറങ്ങുന്നത് ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. വേനൽക്കാലത്ത് ഉൾവനത്തിൽ ജലലഭ്യത ഉറപ്പാക്കാനായി തടയണകൾ നിർമിക്കും.

ഇതിനായി 640 കോടി രൂപയുടെ കർമപദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ നട്ടുപിടിപ്പിച്ച തേക്ക്, അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് എന്നിവ പ്രകൃതിക്ക് കോട്ടംവരുത്തുന്നതും വന്യജീവികളുടെ ആഹാരത്തിന് ഉതകുന്നതല്ലെന്നുമാണ് വിലയിരുത്തൽ. വളർച്ചയെത്തിയ മരങ്ങൾ മുറിച്ചുമാറ്റാനും ഇവിടെ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ‘വൃക്ഷസമൃദ്ധി’ പദ്ധതിയുടെ ഭാഗമായി നഴ്സറികൾ സ്ഥാപിച്ച് തൈകൾ ഉത്പാദിപ്പിക്കും. 45-ലക്ഷത്തിലധികം ഫലവൃക്ഷത്തൈകൾ ഇതിനായി വേണ്ടിവരുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here