സമൂഹ വ്യാപനം സ്‌ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറയിലും പുല്ലുവിളയിലും അതീവജാഗ്രത. തീരപ്രദേശം മൂന്നായി തിരിച്ച് ഇന്നു മുതൽ പൂർണമായി അടയ്ക്കും. നഗരസഭ പരിധിയിൽ ലോക്ഡൗൺ നീട്ടാനാണ് ആലോചന.
രാജ്യത്ത് തന്നെ ആദ്യമായി സർക്കാർ സമൂഹ വ്യാപനം ഔദ്യോഗികമായി സ്‌ഥിരീകരിക്കുമ്പോൾ മേഖലയിലെ അപകടാവസ്ഥ വ്യക്തമാണ്. ഇന്നലെ രോഗബാധ സ്ഥിരീകരിച്ച 246 പേരിൽ 244 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 99 ശതമാനവും സമ്പർക്ക ബാധ എന്ന അസാധാരണ സാഹചര്യം. കരുംകുളം പഞ്ചായത്തിലെ പുല്ലുവിള മേഖലയിൽ 97 പേരെ പരിശോധിച്ചപ്പോൾ 51 ഉം പോസിറ്റീവ്. പൂന്തുറയിൽ 50ൽ 26 ഉം പുതുക്കുറിശ്ശിയിൽ 75 ൽ 20ഉം പേർ രോഗബാധിതർ. ഇതോടെയാണ് തീരമേഖല മൂന്ന് സോണുകളായി തിരിച്ച് സമ്പൂർണ ലോക് ഡൗൺ നടപ്പാക്കാൻ തീരുമാനിച്ചത്.
അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് ഒന്നാം സോൺ. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാം സോൻ. മൂന്ന് വിഴിഞ്ഞം മുതൽ ഊരമ്പ് വരെയും. തീരമേഖലയിൽ നിന്ന് നഗരത്തിലേയ്ക്കും തിരിച്ചും പ്രവേശനം നിരോധിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ജില്ലയിൽ 1515 പേർ ചികിൽസയിലുണ്ട്.
അതേസമയം, ജില്ലയിൽ പൂർണമായും ലോക് ഡൗൺ വേണ്ടെന്നാണ് സർക്കാർ നിലപാട്. രോഗബാധ കൂടുതലുളള മറ്റിടങ്ങളിലും തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലും ടിപ്പിൾ ലോക് ഡൗൺ നടപ്പാക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഇന്നു നടക്കുന്ന അവലോകന യോഗം നിയന്ത്രണങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.