പ്രാചീന കാലത്ത് തമിഴകത്ത് (കേരളം ഉൾപ്പടെ) ഉണ്ടായിരുന്ന ഒരു വിചിത്ര ആരാധനാ രീതിയാണ് ക്ഷേത്രത്തിൽ രാത്രി ഭഗവാനെ താരാട്ട് പാട്ടു പാടി ഉറക്കുക എന്നത്. ആയിരത്തിലേറെ വർഷം മുമ്പ് ഭഗവാന് വേണ്ടി ധാരാളം താരാട്ട് പാട്ടുകൾ തമിഴിൽ രചിക്കപ്പെട്ടിരുന്നു. അവയിൽ ഒരു പക്ഷെ ഏറ്റവും പ്രസിദ്ധമായതാണ് “പെരുമാൾ തിരുമൊഴി” എന്ന പ്രാചീന കൃതിയിൽ “മന്നുപ്പുഗഴ് കോസലൈ തൻ” എന്ന് തുടങ്ങുന്ന ഗാനം. രാഘവാ ഉറങ്ങൂ എന്ന് അർത്ഥം വരുന്ന “രാഘവനേ താലേലോ” എന്നതാണ് ഗാനത്തിലെ വരികൾ.
ഈ ഗാനം രചിച്ചത് ഒമ്പതാം നൂറ്റാണ്ടിൽ, അതായത് 1200 വർഷം മുമ്പ്, കേരളം ഭരിച്ചിരുന്ന കുലശേഖര ആൾവാർ എന്ന ചേര രാജാവാണ്. (ആയിരം വർഷങ്ങൾക്ക് ശേഷം ഭക്തിഗാനങ്ങൾ രചിച്ച മറ്റൊരു കേരളീയ രാജാവാണല്ലോ സ്വാതി തിരുനാൾ.) ഭക്തി മൂത്ത് രാജ്യം വെടിഞ്ഞ് (മകനെ ഭരണം ഏൽപ്പിച്ച്) പല ക്ഷേത്രങ്ങൾ സന്ദർശിച്ച കുലശേഖരൻ തമിഴ്നാട്ടിലെ പ്രസിദ്ധരായ 12 ആൾവാർ സന്യാസിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിൻ്റെ നേതാക്കളായിരുന്നു ആൾവാർമാർ. ഈ ഗാനവും ആൾവാർമാർ രചിച്ച മറ്റ് വിഷ്ണു സ്തുതികളും 4,000 വരികളുള്ള “നാലായിര ദിവ്യ പ്രബന്ധം” എന്ന ഗ്രന്ഥത്തിലാണ് അടങ്ങുന്നത്.
തഞ്ചാവൂരിനടുത്ത് തിരുകണ്ണപുരം എന്ന സ്ഥലത്തെ വിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തെയാണ് “മന്നുപ്പുഗഴ് കോസലൈ തൻ” എന്ന ഗാനം വിവരിക്കുന്നത്. കേരളത്തിലെ പടിഞ്ഞാറ് അറ്റത്തുള്ള തിരുവഞ്ചിക്കുളം ആസ്ഥാനമായ കുലശേഖര ആൾവാർ ചേര രാജാവ് തൻ്റെ ഗാനത്തിൽ വിവരിക്കുന്നത് തമിഴ് നാട്ടിൽ കിഴക്കേ അറ്റത്തുള്ള തിരുകണ്ണപുരം ക്ഷേത്രത്തിലെ വിഷ്ണുവിനെയാണ് എന്നത് കൗതുകകരമാണ്. ഒരു പക്ഷെ ഒമ്പതാം നൂറ്റാണ്ടിൽ ക്ഷേത്രങ്ങൾ കുറവായിരുന്നു, ഇന്ന് തിരക്കേറിയ ഗുരുവായൂർ – പഴനി – ഉടുപ്പി – തഞ്ചാവൂർ എന്നീ ക്ഷേത്രങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല എന്ന് അനുമാനിക്കാം. ഒമ്പതാം നൂറ്റാണ്ടിൽ പ്രധാന ക്ഷേത്രങ്ങൾ ശ്രീരംഗവും (തിരുച്ചിറപ്പള്ളി) വെങ്കടാചലവും (തിരുപ്പതി) ആയിരുന്നു എന്ന് തോന്നുന്നു.
ഇന്ന് കാണുന്ന ഹിന്ദു മതം ഏകദേശം 1,500 വർഷം മുമ്പ് മാത്രമാണ് ഉടലെടുത്തത്, വടക്കേന്ത്യയിൽ ഗുപ്ത സാമ്രാജ്യവും തെക്കേന്ത്യയിൽ പല്ലവ സാമ്രാജ്യവും ഭരിക്കുന്ന കാലത്ത്. അതിന് മുമ്പ് ഹിന്ദു ക്ഷേത്രങ്ങളോ, കൃഷ്ണൻ – ശിവൻ – ഗണപതി പോലുള്ള ദൈവങ്ങളോ, പുരാണങ്ങളോ ഉണ്ടായിരുന്നില്ല. ഇന്നത്തെ ഹിന്ദുമതം പതിനായിരം വർഷം പ്രായമുള്ള “സനാതന” ധർമമാണെന്നുള്ള ധാരണ തെറ്റാണ്.
പെരുമാൾ തിരുമൊഴി പോലത്തെ കൃതികൾ വഴി രാത്രി ഭഗവാനെ ഉറക്കുന്നതും, വെങ്കടേശ്വര സുപ്രഭാതം പോലെ കൃതികൾ വഴി രാവിലെ ഭഗവാനെ ഉണർത്തുന്നതും, ദക്ഷിണേന്ത്യയിൽ ഹിന്ദുക്കളുടെ ആരാധനാരീതിയുടെ ഭാഗമാണ്. ദക്ഷിണേന്ത്യയിലെ ഭഗവാൻ ഉറക്ക പ്രിയനാണ് എന്ന് സാരം.