മഴയിൽ വൻതോതിൽ കൃഷിനാശമുണ്ടായതോടെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് പച്ചക്കറികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഇതോടെ പച്ചക്കറിവില കുത്തനെ കൂടി. തക്കാളിക്കും ബീൻസിനും കിലോയ്ക്ക് നൂറുരൂപ കടന്നു. ചപ്പുപുതിനയുടെ വില കിലോയ്ക്ക് 140 രൂപയുമായി. ബിരിയാണിക്കും രസത്തിനും മറ്റും ചപ്പുപുതിന അവശ്യവസ്തുവാണ്.
പയറിന് കിലോയ്ക്ക് 90 രൂപയെത്തി. പാവയ്ക്കക്ക് 70 രൂപയും ബീറ്റ്റൂട്ടിന് 50 രൂപയുമായി. 12 രൂപ മുതൽ 20 രൂപ വരെ വിലയുണ്ടായിരുന്ന കാബേജിന് 40 രൂപയായി. പച്ചക്കറിസാധനങ്ങളുടെ വിലവർധന കുടുംബബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ്. ഹോട്ടൽ, കൂൾബാർ മേഖലയിലും വിലവർധന പ്രതിസന്ധിയുണ്ടാക്കി.
പച്ചക്കറിസാധനങ്ങളുടെയും നിത്യോഗപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടലിലെ ഭക്ഷ്യവസ്തുക്കളുടെ നിർമാണച്ചെലവ് 35 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയരാനിടയാക്കി.ലാഭം കുറയുന്നതോടെ ഹോട്ടൽ മേഖല ഏറെ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്.