കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ജീവിതം സിനിമയാകുന്നു. ചിത്രം ഒക്ടോബർ 27ന് റിലീസ് ചെയ്യുമെന്ന് സംവിധായകൻ അനുരാഗ് രാജൻ ബുസാരി പറഞ്ഞു. ചിത്രത്തിന്റെ ടീസർ ഈയടുത്ത് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പ്രേക്ഷകർ കാണാൻ കൊതിക്കുന്ന ഗഡ്കരിയുടെ ജീവിതമാണ് ചിത്രത്തിന് ഇതിവൃത്തമാകുന്നത്. ഗഡ്കരിയുടെ വ്യക്തി ജീവിതവുമായും ഔദ്യോഗിക ജീവിതവുമായും തീരുമാനങ്ങളുമായും അടുത്ത് നിൽക്കുന്ന ചിത്രമായിരിക്കും ‘ഗഡ്കരി’ എന്ന് സംവിധായകൻ അനുരാഗ് രാജൻ ബുസാരി പറഞ്ഞിരുന്നു. ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
” ഈ രാജ്യം അതിന്റെ റോഡുകളുടെ പേരിലറിയപ്പെടുന്ന സമയം, ഞാനാണ് നിതിൻ ജയറാം ഗഡ്കരി എന്ന് സന്തോഷത്തോടെ പറയാനാകും,” എന്ന വാചകത്തോടെയാണ് ചിത്രത്തിന്റെ ടീസർ ആരംഭിക്കുന്നത്. രാഷ്ട്രീയത്തിൽ മാത്രമല്ല. സാമൂഹിക ഇടപെടലിലും അദ്ദേഹം പ്രതിബദ്ധത പുലർത്തുന്നുണ്ട്.
”രാഷ്ട്രീയത്തിലെ അസാധാരണ വ്യക്തിത്വത്തിന് ഉടമയാണ് നിതിൻ ഗഡ്കരി. പോസ്റ്റർ റിലീസിന് ശേഷം നിരവധി പേരാണ് എന്നെ ഫോണിൽ വിളിച്ചത്. ആരാണ് നിതിൻ ഗഡ്കരിയുടെ വേഷം ചെയ്യുന്നത് എന്ന് പലരും എന്നോട് ചോദിച്ചു. ഈ ആകാംഷ ഉടനെ അവസാനിക്കും. ഒരു സാധാരണ സാമൂഹിക പ്രവർത്തകനിൽ നിന്ന് കേന്ദ്രമന്ത്രി പദവിയിലേക്ക് എത്തിയ അദ്ദേഹത്തിന്റെ ജീവിതം പ്രചോദനം നൽകുന്നു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും എല്ലാവർക്കും പ്രചോദനം നൽകുമെന്നാണ് കരുതുന്നത്,” അനുരാഗ് രാജൻ പറഞ്ഞു.
രാജ്യത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങൾ പങ്കുവെയ്ക്കുന്ന വ്യക്തിയാണ് നിതിൻ ഗഡ്കരി. രാജ്യത്തെ ദേശീയ പാതകളിലെ കുഴികൾ നിർമാർജനം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് ഇക്കഴിഞ്ഞ ദിവസമാണ് ഗഡ്കരി പറഞ്ഞത്. ഡിസംബറോടെ രാജ്യത്തെ എല്ലാ ദേശീയപാതയിലെയും കുഴികൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. 1,46,000 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പാതകളുടെ മാപ്പിംഗ് പൂർത്തിയാക്കിയെന്നും ഈ വർഷം ഡിസംബറോടെ കുഴികൾ നീക്കം ചെയ്യാനുള്ള അറ്റക്കുറ്റപ്പണികൾ ചെയ്യുമെന്നും കേന്ദ്രഗതാഗത വകുപ്പ് സെക്രട്ടറി അനുരാഗ് ജെയിൻ പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന ദേശീയ പാത നിർമ്മാണ പദ്ധതികൾക്കായി ബിൽറ്റ് ഓപ്പറേറ്റ് ട്രാൻസ്ഫർ ബിഒടി (BOT) മാതൃകയിൽ സർക്കാർ കരാർ പുറപ്പെടുവിക്കാനാണ് സാധ്യത. കാരണം ഈ മാതൃകയിൽ വികസിപ്പിച്ച ദേശീയ പാതകൾ നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നുണ്ടെന്ന് നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ പാതകളിൽ കുഴികളില്ലെന്ന് ഉറപ്പാക്കാൻ നയം രൂപപ്പെടുത്തി വരികയാണെന്നും പദ്ധതി വിജയിപ്പിക്കാൻ യുവ എൻജീനിയർമാരുടെ സേവനം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
ബിഒടി മാതൃകയിൽ സ്വകാര്യ നിക്ഷേപർ ദേശീയ പാത നിർമ്മാണത്തിന്റെ ചെലവ് വഹിക്കുന്നു. തുടർന്ന് 20-30 വർഷത്തേക്ക് അവർ ഈ പാതകളെ പരിപാലിക്കുന്നു. പിന്നീട് ടോളുകൾ വഴി തങ്ങളുടെ നിക്ഷേപം തിരിച്ചുപിടിക്കുകയും ചെയ്യും. ഇപിസി മാതൃകയിൽ റോഡ് നിർമ്മിക്കാൻ കരാറുകാരന് സർക്കാർ പണം നൽകുന്നു. തുടർന്ന് ടോളിൽ നിന്നുള്ള വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്യുന്നു.