തിരുവനന്തപുരം: പി.ജി.ഡോക്ടറാണെന്ന് പറഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. സംഭവത്തിൽ പ്രതിയായ മാണിക്യവിളാകം സ്വദേശി നിഖിൽ (22) രോഗിയുടെ രക്തസാമ്പിളുകളിൽ വെള്ളം ചേർത്തെന്നും പോലീസ് പറഞ്ഞു.
മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിൽ കാലിന് പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിന്റെ രക്തസാമ്പിളിലാണ് നിഖിൽ വെള്ളം ചേർത്തത്. നേരത്തെയുള്ള പരിചയം മുതലെടുത്ത് റിനുവിന് കൂട്ടിരിക്കാനെത്തിയ നിഖിലാണ് ഇയാളുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലെത്തിച്ചിരുന്നത്. ലാബിലെത്തുന്നതിന് മുൻപ് നിഖിൽ സാമ്പിളിൽ വെള്ളം ചേർക്കും. പരിശോധനാഫലം വന്നപ്പോൾ രക്തത്തിലെ ഘടകങ്ങളുടെ അളവിൽ വലിയ വ്യത്യാസം വന്നു. ഇത് കാണിച്ച് വൃക്ക തകരാറിലാണെന്ന് പറഞ്ഞ് റിനുവിനെ ഭയപ്പെടുത്തി. തുടർചികിത്സയ്ക്കും മരുന്നിനുമായി പണം വാങ്ങുകയും ചെയ്തു.
താൻ ഡെർമറ്റോളജി വിഭാഗത്തിലെ പി.ജി. വിദ്യാർഥിയാണെന്നാണ് നിഖിൽ എല്ലാവരോടും പറഞ്ഞിരുന്നത്. സീനിയർ ഡോക്ടർമാരുടെ സന്ദർശനം കഴിഞ്ഞതിന് ശേഷമാണ് ഇയാൾ വാർഡിലെത്തിയിരുന്നത്. റിനുവിനോട് ഡോക്ടർമാർ പറഞ്ഞ കാര്യങ്ങൾ ചോദിച്ചറിയും. ഭക്ഷണവും മരുന്നും വാങ്ങാനും രക്തസാമ്പിൾ ലാബിലെത്തിക്കാനും സഹായിക്കും. മറ്റ് രോഗികളുടെ ആവശ്യങ്ങളിലും നിഖിൽ സഹായിച്ചിരുന്നു. ഡോക്ടർമാരുടെ സംശയമാണ് ഇയാളെ കുടുക്കിയത്. പോലീസ് തിങ്കളാഴ്ച മെഡിക്കൽ കോളേജിലെ ലാബിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കും.