കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ സമരം തുടരുന്നു. പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഭരണപക്ഷ യൂണിയനായ സിഐടിയുവിന്റെ നേതൃത്വത്തിൽ മേഖലാ തലത്തിൽ പ്രതിഷേധ ജാഥകളും സംഘടിപ്പിക്കുന്നുണ്ട്.
ഈ മാസം 10ന് സിഐടിയു സെക്രട്ടേറിയറ്റിലേക്ക് മാർച്ചും നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ധാരണ ഇതുവരെ പാലിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് ഇവർ സമരം തുടരുന്നത്.