തിരുവനന്തപുരം: സിനിമാമേഖലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം ഉറപ്പാക്കണമെന്ന് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ശുപാർശ. എന്നാൽ, ഇത് എങ്ങനെ വേണമെന്നു വ്യക്തമായിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്, സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്രാ സൗകര്യങ്ങൾ നിർമാതാക്കൾ ഒരുക്കരുത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
അധികൃതർമുമ്പാകെ നിർമാതാവെന്നനിലയിൽ രജിസ്റ്റർ ചെയ്യാതെ സാമൂഹികമാധ്യമങ്ങൾ വഴിയോ മറ്റു രീതിയിലോ ഓഡിഷൻ നടത്തരുത്. അശ്ലീലമോ ദ്വയാർഥം വരുന്നതോ ആയ പരാമർശങ്ങൾ സ്ത്രീകൾക്കുനേരെ ഉണ്ടാകരുതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നടി ശാരദ, ഐ.എ.എസ്. ഉദ്യോഗസ്ഥയായിരുന്ന കെ.ബി. വത്സലകുമാരി എന്നിവരായിരുന്നു കമ്മിഷനിലെ മറ്റ് അംഗങ്ങൾ.
പ്രധാന ശുപാർശകൾ
* സിനിമാ മേഖലയിലെ വനിതകളെ പ്രത്യക്ഷമായോ പരോക്ഷമായോ ഫാൻക്ലബ്ബുകൾ മുഖേനയോ ഏതെങ്കിലും മാധ്യമത്തിലൂടെയോ ശല്യപ്പെടുത്തരുത്.
* ലിംഗസമത്വം സംബന്ധിച്ച് ഓൺലൈൻ പരിശീലനം നിർബന്ധമാക്കണം.
* ജോലിസ്ഥലത്ത് മദ്യമോ മയക്കുമരുന്നോ അനുവദിക്കരുത്.
* തിരക്കഥകളിൽ സ്ത്രീ കാഴ്ചപ്പാടുകളും ഉൾപ്പെടുത്തണം.
* വനിതകൾ നിർമിച്ച മികച്ച ചിത്രത്തിന് പുരസ്കാരം നൽകണം.
* സമഗ്ര ചലച്ചിത്രനയം വേണം.
* ചലച്ചിത്ര പഠനകേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം വേണം.
* വനിതകളായ സിനിമാ സാങ്കേതിക പ്രവർത്തകർക്ക് കൂടുതൽ അവസരങ്ങളുണ്ടാകണം. ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കണം.
* പ്രസവകാലത്ത് അവധി അനുവദിക്കണം. സഹായം നൽകാൻ ക്ഷേമഫണ്ട് ഉണ്ടാക്കണം.
* സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് നിരോധിക്കണം.
* ചലച്ചിത്രത്തിൽ സ്ത്രീകൾ അധികാരകേന്ദ്രങ്ങളിലിരിക്കുന്നത് അവതരിപ്പിക്കണം.
* സ്ത്രീ കേന്ദ്രീകൃത ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തിയേറ്റർ സൗകര്യങ്ങൾ വേണം.
* പൗരുഷവും സ്ത്രീത്വവും സംബന്ധിച്ച് പുനർവ്യാഖ്യാനങ്ങൾ വേണം.
* ചലച്ചിത്രവുമായി ബന്ധപ്പെട്ട് മതിയായതരത്തിലുള്ള കരാർ സംവിധാനമുണ്ടാകണം.
* കേരള സിനി എംപ്ലോയേഴ്സ് ആൻഡ് എംപ്ലോയീസ് ആക്ട് നടപ്പാക്കണം.
* വീഴ്ചകൾക്ക് പിഴചുമത്തണം.
* സഹസംവിധായകർക്ക് കുറഞ്ഞകൂലി നിരാകരിക്കരുത്. അസോസിയേറ്റ്, അസിസ്റ്റന്റ് ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ദിനബത്ത വേണം.
* കേശാലങ്കാര വിദഗ്ധരെ ചീഫ് ടെക്നീഷ്യന്മാരെന്ന പദവിയിലാക്കണം.
* സ്ത്രീകളുടെ സിനിമയ്ക്കായി ആനുകൂല്യം നൽകാൻ ബജറ്റിൽ തുക നീക്കിവെക്കണം