പത്തനംതിട്ട • പാട്ട് ആരോഗ്യത്തിനു വളരെ നല്ലതാണെന്നും സംഗീത ചികിത്സ പോലുമുണ്ടെന്നുമൊക്കെ എല്ലാവർക്കുമറിയാം. എന്നാൽ പാട്ടു പാടുന്ന ആരോഗ്യമന്ത്രിയും ഡോക്ടറായ കലക്ടറും സ്വന്തമെന്നത് പത്തനംതിട്ടക്കാരുടെ സ്വകാര്യ അഹങ്കാരമാണ്. കഴിഞ്ഞ ദിവസം ജില്ലാ സ്പോർട്സ് കൗൺസിൽ അങ്കണത്തിൽ ‘എന്റെ കേരളം’ പ്രദർശനത്തിനു മുന്നോടിയായി നടന്ന നാട്ടരങ്ങ് കലാസാംസ്കാരിക സന്ധ്യയായിരുന്നു വേദി.
സുമേഷ് കൂട്ടിക്കൽ അവതരിപ്പിച്ച ഗാനപരിപാടിക്കിടെ ‘ആലായാൽ തറവേണം’ എന്ന കാവാലം നാരായണപ്പണിക്കരുടെ പ്രശസ്തമായ കവിതയാണ് സംഗീതസംവിധാനത്തിനൊപ്പം കലക്ടർ ദിവ്യ എസ്.അയ്യരും മന്ത്രി വീണാ ജോർജും ആലപിച്ചത്. കാഴ്ചക്കാർക്കൊപ്പം സദസ്സിലിരുന്നായിരുന്നു ഇരുവരുടെയും പാട്ട്. മകൻ മൽഹാറിനെ മടിയിലിരുത്തിയായിരുന്നു കലക്ടറുടെ പാട്ട്. കയ്യടിച്ചും താളംപിടിച്ചുമാണ് സദസ്സ് മന്ത്രിയുടെയും കലക്ടറുടെയും പാട്ടിനെ സ്വീകരിച്ചത്.
നൃത്തം ചെയ്ത വിദ്യാർഥികളടക്കമുള്ളവർ നാട്ടരങ്ങ് പൊലിപ്പിച്ചു. എംജി കലോത്സവത്തിനു മുന്നോടിയായി നടത്തിയ ഫ്ലാഷ് മോബിൽ വിദ്യാർഥികൾക്കൊപ്പം കലക്ടർ ദിവ്യ എസ്.അയ്യർ നൃത്തം ചെയ്തതു സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത നേടിയിരുന്നു. പഠനകാലത്തു കേരള സർവകലാശാലാ കലോത്സവങ്ങളിലടക്കം സജീവമായിരുന്നു മന്ത്രി വീണാ ജോർജ്. ഇരുവരും പഴയ ഓർമകളെ തിരിച്ചുപിടിച്ചതോടെ വിരുന്നായത് കാണികൾക്കും.