ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ഈ മാസം 23 വരെ രാജ്യവ്യാപകമായി കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച, കര്‍ഷക കൂട്ടായ്‌മകള്‍ പല സ്ഥലങ്ങളിലും സംഘടിപ്പിക്കുന്ന സ്ഥലങ്ങളും, തിയതിയും അടങ്ങിയ പട്ടിക പുറത്തുവിട്ടു. മൂന്ന് സംസ്ഥാനങ്ങളിലെ ഏഴ് കിസാന്‍ മഹാ പഞ്ചായത്തുകള്‍ക്ക് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ഇന്ന് നേതൃത്വം നല്‍കും.
കര്‍ഷക നേതാവ് രാകേഷ് തികായത്, ഫെബ്രുവരി 20ന് മഹാരാഷ്ട്രയിലെ യവത്മല്‍ ജില്ലയില്‍ നടക്കുന്ന കിസാന്‍ മാഹാ പഞ്ചായത്തിലും തുടര്‍ന്നുള്ള റാലിയിലും പങ്കെടുക്കും. ഇദ്ദേഹം ഉള്‍പ്പെടെ നിരവധി പഴയ കര്‍ഷക നേതാക്കളും യവത്മലിലെ ആസാദ് മൈതാനിയില്‍ നടക്കുന്ന മാഹാപഞ്ചായത്തില്‍ പങ്കെടുക്കും.
അതേ സമയം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ മൂന്ന് കിസാന്‍ മഹാപഞ്ചാത്തുകളില്‍ ഇന്ന് പങ്കെടുക്കും. അജ്‌മേര്‍ മുതല്‍ നഗൗര്‍ വരെ ട്രാക്ടര്‍ റാലിക്കും നേതൃത്വം നല്‍കും. കര്‍ഷക സമരങ്ങളില്‍ പ്രത്യക്ഷ പിന്തുണയുമായി രംഗത്തിറങ്ങുകയാണ് കോണ്‍ഗ്രസ്. കര്‍ഷക സമരങ്ങള്‍. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചയുടെ കാര്യത്തില്‍, തണുപ്പന്‍ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തിലാണ്. രാജ്യവ്യാപകമായി, സമരമാര്‍ഗങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനും കര്‍ഷക സംഘടനകള്‍ പദ്ധതിയിടുന്നുണ്ട്.