മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന് (Prithviraj Sukumaran) ഇന്ന് 41-ാം പിറന്നാൾ. നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി മലയാളത്തില്‍ നിറഞ്ഞ് നിൽക്കുകയാണ് താരം.
വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇന്ന് നാല്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്.
ഈ ആഘോഷത്തിൽ താരത്തിന് ജന്മദിനാശംസകള്‍ നേർന്ന് എത്തിയിരിക്കുകയാണ് ‘ഗുരുവായൂരമ്പല നട’യുടെ അണിയറ പ്രവർത്തകർ. പൃഥ്വിരാജിന്റെ പിറന്നാളോടനുബന്ധിച്ച് ഈ ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പോസ്റ്ററില്‍ താരത്തിനു ആശംസകളും നേർന്നിട്ടുണ്ട്.
പൃഥ്വിരാജ് സുകുമാരൻ ബേസിൽ ജോസഫും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ.
പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു വർഷം മുമ്പേ കേട്ട കഥയാണെന്നും ഓർക്കുമ്പോൾത്തന്നെ ചിരിവരുന്ന കഥയാണ് ചിത്രത്തിന്റേതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചിരുന്നു. ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും താരം മുൻപ് പങ്കുവച്ചിരുന്നു.