കേരള തീരത്ത് മഴമേഘങ്ങൾക്ക് ഘടനാമാറ്റം, കാലവർഷം കനക്കുമെന്ന് പഠനം

0
387

 

കൊച്ചി: കേരളതീരം ഉൾപ്പടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരമേഖലയിൽ മൺസൂൺ കാലയളവിൽ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി പഠനം. മഴമേഘങ്ങളുടെ ഘടനാമാറ്റമാണിതിന് കാരണം. അതിനാൽ, കാലവർഷം കൂടുതൽ കനക്കാനാണ് സാധ്യതയെന്ന്, ‘നേച്ചർ’ മാഗസിന്റെ പോർട്ട്ഫോളിയോ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

മൺസൂൺ സീസിണിൽ രണ്ട് കാലയളവിലായി (1980-1999, 2000-2019) നടത്തിയ പഠനത്തിലാണ് മാറുന്ന മൺസൂൺ മഴയെക്കുറിച്ച് വ്യക്തമായത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ മേഘങ്ങളുടെ ഘടനയിലും സ്വഭാവത്തിലും വലിയ വ്യത്യാസം സംഭവിച്ചതായി ഗവേഷകർ കണ്ടു.

‘മേഘങ്ങൾ കുത്തനെ ഉയരത്തിൽ വ്യാപിച്ച് ശക്തിപ്പെടുന്നു, സാധാരണഗതിയിൽ ഉയർന്ന മേഘപാളികളിൽ കാണപ്പെടുന്ന ഐസ് ക്രിസ്റ്റലുകൾ രൂപപ്പെടുപ്പെടുന്നു. ഐസിന്റെ സാന്നിധ്യത്തിൽ മഴ രൂപീകരണ പ്രക്രിയ ത്വരപ്പെടുക മാത്രമല്ല, മഴ വെള്ളത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു. പഠനത്തിൽ വ്യക്തമായത് ഇതാണ്’, കുസാറ്റിൽ ‘അഡ്വാൻസഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചി’ന്റെ ഡയറക്ടർ ഡോ.അഭിലാഷ് എസ് അറിയിക്കുന്നു. പഠനം നടന്നത് ഡോ.അഭിലാഷിന്റെ മേൽനോട്ടത്തിലാണ്.

മഴപ്പെയ്ത്തിന്റെ തോതും മേഘങ്ങളുടെ കുത്തനെയുള്ള വളർച്ചയും തമ്മിൽ വളരെയേറെ ബന്ധമുള്ളതായി, 1980 മുതൽ 2019 വരെയുള്ള കാലയളവിലെ വിവരങ്ങൾ വ്യക്തമാക്കി. ഉയരത്തിൽ വളർന്ന് ശക്തിപ്പെടുന്ന ഇത്തരം മേഘങ്ങളെ ‘കൂമ്പാരമേഘങ്ങൾ’ എന്നും, ‘ഉയർന്ന സംവഹനശേഷിയുള്ള മേഘങ്ങൾ’ എന്നും പറയാറുണ്ട്. മേഘങ്ങളിൽ ക്രമാനുഗതമായ വന്ന ഈ മാറ്റം ഏറ്റവുമധികം പ്രകടമാകുന്നത് കേരളത്തോട് ചേർന്നുള്ള തീരമേഖലയിലാണെന്ന് പഠനത്തിൽ കണ്ടു.

കൂമ്പാരമേഘങ്ങളുടെ ആവിർഭാവവും, തുടർന്നുണ്ടായ ചെറിയ തോതിലുള്ള മേഘവിസ്ഫോടനവുമാണ് 2019 ഓഗസ്റ്റ് മാസത്തിൽ കേരളം നേരിട്ട പ്രളയത്തിന് കാരണമെന്ന് മുൻപഠനങ്ങളിൽ കണ്ടിരുന്നു. ഇത്തരത്തിൽ മേഘവിസ്പോടനങ്ങൾക്ക് അനുകൂലമായ രീതിൽ മേഘങ്ങൾക്ക് പശ്ചിമതീരത്ത് ഘടനാമാറ്റം സംഭവിക്കുകയാണ്! മഴപ്പെയ്ത്തിന്റെ തീവ്രത കൂടുന്നതും അന്തരീക്ഷ അസ്ഥിരത വർധിക്കുന്നതും ഇത്തരം മാറ്റത്തെ സാധൂകരിക്കുന്ന സൂചകങ്ങളയി പുതിയ പഠനം വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here