ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ മൂന്നുനില കെട്ടിടത്തിലുണ്ടായ വൻതീപിടിത്തത്തിൽ നിരവധി പേർ മരിച്ചു. 26 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തതായി ഡൽഹി പോലീസ് അധികൃതർ അറിയിച്ചു. മുപ്പതിലധികം പേർക്ക് പൊള്ളലേറ്റ് പരിക്കേറ്റതായാണ് വിവരം.
പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എഴുപതോളം പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
വൈകീട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച് ആദ്യ വിവരം ലഭിച്ചതെന്നാണ് അഗ്നിശമനസേനാംഗങ്ങൾ അറിയിക്കുന്നത്.
കൂടുതൽ പേർ കെട്ടിടത്തിൽ കുടുങ്ങികിടക്കുന്നതായി സൂചനകളുണ്ട്. തിരച്ചിലും രക്ഷാപ്രവവർത്തനവും തുടരുകയാണ്. നിരവധി കമ്പനികളുടെ ഓഫീസുകളാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.