തിരുവനന്തപുരം: പാറ്റൂര്‍ മൂലവിളാകത്ത് വീടിന് മുന്നില്‍ വച്ച് വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ചുകൊണ്ടുള്ള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവിയുടെ പരാമര്‍ശം വിവാദത്തില്‍.
പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കാന്‍ വൈകിയതിനാലാണ് അന്വേഷണത്തില്‍ കാലതാമസമുണ്ടായതെന്നാണ് സതീദേവി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
പരാതിക്കാരി ഫോണില്‍ വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത് അല്ലാതെ പരാതി നല്‍കിയിരുന്നില്ല. ഇതാണ് പൊലീസിന്റെ ഭാഗത്ത് നിന്നും നടപടി വൈകാന്‍ കാരണമായതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഈ പരാമര്‍ശം വിവാദമായതോടെ സതീദേവി പരാതിക്കാരിയുടെ വീട് സന്ദര്‍ശിക്കുകയും പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി തിരുത്തി പറയുകയും ചെയ്തു.
അതേസമയം, സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് കെ കെ രമ എംഎല്‍എ പറഞ്ഞു. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പൊലീസിനെ ന്യായീകരിച്ചത് തെറ്റാണെന്നും കെ കെ രമ പറഞ്ഞു. അക്രമത്തിനിരയായ സ്ത്രീയുടെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു എംഎല്‍എയുടെ പ്രതികരണം.