ഇന്ന് ലോക വനദിനം; അഞ്ചുവര്‍ഷം കത്തിനശിച്ചത് 4541.58 ഹെക്ടര്‍ വനം

0
52

തൊടുപുഴ: സംസ്ഥാനത്ത് ശേഷിക്കുന്ന വനസമ്ബത്തിന് കടുത്ത ഭീഷണിയായി കാട്ടുതീയും കൈയേറ്റവും. ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ സാമ്ബത്തിക വര്‍ഷവും കോടികള്‍ നീക്കിവെക്കുകയും കര്‍ശന നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ വനങ്ങളുടെ നിലനില്‍പ് വെല്ലുവിളികള്‍ക്ക് നടുവില്‍ത്തന്നെയാണെന്ന് വനംവകുപ്പിന്‍റെ രേഖകള്‍ വ്യക്തമാക്കുന്നു.

2020-21ലെ കണക്കുപ്രകാരം സംസ്ഥാനത്തെ ആകെ വനവിസ്തൃതി 11,524.91 ചതുരശ്ര കിലോമീറ്ററാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 4541.58 ഹെക്ടര്‍ വനഭൂമി കാട്ടുതീയില്‍ നശിച്ചതായാണ് ഇക്കോ ഡെവലപ്മെന്‍റ് ആന്‍ഡ് ട്രൈബല്‍ വെല്‍ഫെയര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്.

പ്രതിവര്‍ഷം ശരാശരി 900 ഹെക്ടറിലധികം വനഭൂമി അഗ്നിക്കിരയാകുന്നു. അടിക്കാട് കത്തിക്കരിയുന്ന സര്‍ഫസ് ഫയര്‍, ചെറുമരങ്ങളും അടിക്കാടും കത്തുന്ന മിഡ്ലെവല്‍ ഫയര്‍, മരങ്ങളടക്കം കത്തിനശിക്കുന്ന ക്രൗണ്‍ ഫയര്‍, മണ്ണടക്കം വേകുന്ന ഗ്രൗണ്ട് ഫയര്‍ എന്നിങ്ങനെ കാട്ടുതീ പല തരത്തിലാണ്.

വനവകുപ്പിന്‍റെ അനാസ്ഥയും കാട്ടുതീക്ക് കാരണമാണ്. കേന്ദ്രപദ്ധതിയുടെ ഭാഗമായി കാട്ടുതീ തടയലിനും വനസംരക്ഷണത്തിനുമായി 2022-23ലെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ 8.02 കോടി വകയിരുത്തിയിരുന്നു. ഇതില്‍ 4.84 കോടി ചെലവഴിച്ചതായാണ് കണക്ക്. സാമ്ബത്തികവര്‍ഷം കേന്ദ്ര വിഹിതമടക്കം ആറ് കോടിയാണ് വകയിരുത്തിയിട്ടുള്ളത്.

ഔദ്യോഗിക രേഖകള്‍ പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 199.23 ഹെക്ടര്‍ വനഭൂമിയിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. ഏറ്റവും കൂടുതല്‍ ഒഴിപ്പിച്ചത് ഹൈറേഞ്ച് സര്‍ക്കിളിലാണ്- 160.02 ഹെക്ടര്‍. വനം കൈയേറ്റവുമായി ബന്ധപ്പെട്ട 158 കേസുകള്‍ ഇനിയും തീര്‍പ്പുകല്‍പിക്കാതെ കെട്ടിക്കിടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here