നടിമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം: മൻസൂർ അലിഖാൻ മാപ്പുപറഞ്ഞു

0
104

സ്ത്രീവിരുദ്ധപരാമർശത്തിന്റെ പേരിൽ നടൻ മൻസൂർ അലി ഖാൻ  പോലീസിനുമുന്നിൽ ഖേദപ്രകടനം നടത്തി. തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്റ്റേഷനിൽ  വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ മൻസൂർ അലിഖാൻ, നടി തൃഷ  അടക്കമുള്ളവരെ ബന്ധപ്പെടുത്തി താൻ നടത്തിയ പരാമർശം അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്ന് മൊഴി നൽകി. ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തൃഷ അടക്കമുള്ള തമിഴ് നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമർശമാണ് കേസിനടിസ്ഥാനം. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ച അലിഖാൻ, ഒരിക്കലും മാപ്പുപറയില്ലെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇപ്പോൾ ഖേദപ്രകടനത്തിന് തയ്യാറാകുകയായിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യംതേടി സമർപ്പിച്ച ഹർജി വാദം കേൾക്കുന്നതിനുമുമ്പ് പിൻവലിച്ചത് കോടതിയുടെ വിമർശനത്തിന് ഇടയാക്കി. തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നാണ് നടൻ പറഞ്ഞത്. തൃഷയ്‌ക്കൊപ്പം ബലാത്സംഗ സീൻ ഇല്ലാത്തതിൽ നിരാശയുണ്ടെന്നും മൻസൂർ പറഞ്ഞിരുന്നു. മൻസൂർ അലി ഖാന്റെ വാക്കുകൾ: ‘എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീൻ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും ഇടാമെന്ന് കരുതി.

150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’. മൻസൂറിന്റെ പരാമർശത്തിനെതിരെ പ്രതികരിച്ച് തൃഷയും എത്തി. തൃഷയുടെ വാക്കുകൾ ഇങ്ങനെ: ‘ മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്.  ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും.

അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’ എന്നാണ് തൃഷ പറഞ്ഞത്. നടന്മാരായ ചിരഞ്ജീവി, നിതിൻ, സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ​ഗായിക ചിന്മയി തുടങ്ങിയവരും തൃഷയ്ക്ക് പിന്തുണയുമായെത്തിയവരിൽ ഉൾപ്പെടുന്നു. സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here