ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. വിജയക്കുതിപ്പ് തുടരാൻ ലക്ഷ്യമിടുന്ന കേരളത്തിന്റെ എതിരാളികൾ ചെന്നൈയിൻ എഫ്‌സിയാണ്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.
ഏഴ് മത്സരങ്ങളിൽ അഞ്ചു ജയം, ഒരു തോൽവിയും ഒരു സമനിലയും. ആകെ 16 പോയിന്റുമായി പട്ടികയിൽ രണ്ടാമത്. ഐഎസ്എൽ പത്താം സീസണിൽ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ബ്ലാസ്റ്റേഴ്സ് പന്ത് തട്ടുന്നത്. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ ശക്തർ.
ഓരോ മത്സരം കഴിയുമ്പോഴും തെറ്റുകൾ തിരുത്തി അടുത്ത മത്സരത്തിനിറങ്ങുന്ന മഞ്ഞപ്പട എതിരാളികളുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്. ആരാധകരുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ശക്തി.
സ്വന്തം മൈതാനത്തും എതിരാളികളുടെ ഗ്രൗണ്ടിലും ഇത്രയധികം പിന്തുണ ലഭിക്കുന്ന മറ്റൊരു ടീമില്ല. അതുകൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമിക്കുന്നതെന്നും വുകോമാനോവിച്ച് പറഞ്ഞു.
ആർത്തിരമ്പുന്ന സ്വന്തം ആരാധകർക്ക് മുന്നിൽ വീണ്ടും തലയുയർത്തി ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിനെ പ്രതിരോധിക്കാൻ ചെന്നൈ വിയർക്കുമെന്ന് ഉറപ്പാണ്.