വികാരങ്ങളുടെയും വിവേകത്തിന്റെയും കലർപ്പിൽനിന്ന് മധ്യമമാർഗം തിരഞ്ഞുപിടിക്കാൻ സഹായിച്ച യോഗാനുഭവങ്ങൾ. അഭിനേത്രി സംയുക്താ വർമ എഴുതുന്നു.
മനുഷ്യർക്ക് ചില ശീലക്കേടുകളുണ്ട്. ചിലർക്കത് ശരീരത്തിലായിരിക്കും. ചിലർക്ക് മനസ്സിലും. എന്റേത് ഏറെയും രോഗങ്ങളായിരുന്നു. അതൊന്ന് മാറ്റിയെടുക്കാനാണ് ഞാൻ ആദ്യം യോഗയിലേക്ക് എത്തിയത്. പഠിച്ചും പരിശീലിച്ചും ഞാനെന്നെ യോഗയിൽ ഉറപ്പിച്ചു. രണ്ടു പതിറ്റാണ്ടോളമായുള്ള ആ ഉറപ്പാണ് എനിക്കിപ്പോൾ യോഗ.
യോഗ ഒരു യോജിപ്പാണ്. കൂടിച്ചേരൽ അഥവാ യൂണിയൻ എന്നുതന്നെയാണ് ആ വാക്കിന്റെ അർഥവും. ജീവാത്മാവും പരമാത്മാവും തമ്മിലാണ് ആ യോജിക്കൽ. നമ്മൾ മാനസികമായും ആത്മീയമായും ഉണരുന്നതാണ് യോഗയുടെ ഗുണം.
യോഗയെ ഒരു മതത്തിന്റേതായി കാണുന്നവരുണ്ട്. അത് സങ്കടകരമാണ്. യോഗ ഒരു ശാസ്ത്രമാണ്. നൂറ്റാണ്ടുകൾക്കുമുമ്പുള്ള ഒരു ശാസ്ത്രം. മനുഷ്യന് സുഖമായി ജീവിക്കാൻ, ശാരീരികവും മാനസികവും വൈകാരികവും ചിന്താപരവുമായി സുഖമായി ജീവിക്കാൻ കണ്ടുപിടിച്ച ശാസ്ത്രമാണത്. അതിനെന്ത് മതം? ചിലർ യോഗയെ വ്യായാമം മാത്രമായി കാണുന്നു. അതിൽ തെറ്റില്ല. പക്ഷേ, യോഗ ശരിയായി പഠിച്ചവർക്ക് അതിനെ ഒരു വ്യായാമം മാത്രമായി കാണാനാവില്ല. അത് ശരീരത്തിനുമപ്പുറമുള്ള ആത്മീയവഴിയാണ്.
പൊതുവേ മലയാളികൾ യോഗ നന്നായി ചെയ്യുന്നുണ്ട്. എന്നിട്ടും അതിനെക്കുറിച്ച് ധാരാളം സംശയങ്ങളുണ്ട്. എന്തുകൊണ്ട് യോഗ ചെയ്തിട്ടും തടി കുറഞ്ഞില്ല, എന്തുകൊണ്ട് യോഗ ചെയ്തിട്ടും വന്ധ്യത മാറുന്നില്ല, എന്തുെകാണ്ട് മുടി വളർന്നില്ല, എന്തുകൊണ്ട് ദേഷ്യം മാറുന്നില്ല… അങ്ങനെയുള്ള ചോദ്യങ്ങൾ വരുന്നു. യോഗയെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ അത്തരം സംശയങ്ങൾ ഇല്ലാതാവും. ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് ഇതൊക്കെയുണ്ടായിരുന്നു എനിക്ക്. അതിൽനിന്നൊക്ക ഒരു മാറ്റത്തിനാണ് ഞാൻ യോഗ തുടങ്ങിയത്. രോഗങ്ങൾ പതുക്കെപ്പതുെക്ക ഇല്ലാതായി. യോഗമാത്രം ശേഷിച്ചു, അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായി.യോഗക്രിയകൾപോലെ യോഗ തത്ത്വചിന്തയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മുന്നേപോയ ജ്ഞാനികൾ പറഞ്ഞതാണ് തത്ത്വചിന്തയായി നമ്മൾ അറിയുന്നത്. എന്നാലും ഞാൻ അനുഭവിക്കുന്നതാണ് എന്റെ തത്ത്വചിന്ത. അതാവണമെന്നില്ല എല്ലാവരുടെയും തത്ത്വചിന്ത. ഒരേ ക്ളാസിൽ ഒരേ ക്രിയ ചെയ്യുന്നവർക്കുപോലും ഉള്ളിൽ യോഗാനുഭവം വെവ്വേറെയാണ്. ജീവിതത്തിലേക്കറിങ്ങുമ്പോഴും അനുഭവങ്ങൾ വേറെവേറെത്തന്നെ.