കൊച്ചി: എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പണ്ടപ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം. ലക്ഷകണക്കിന് രൂപയുടെ മരുന്നുകള്‍ കാലാവധി കഴിഞ്ഞതിനാൽ ഉപേക്ഷിക്കുകയായിരുന്നു. ഈ മരുന്നുകൾ രോഗികൾക്ക് നൽകാതെ എല്ലാം സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങാൻ ആശുപത്രിയിൽ നിന്ന് നിർദ്ദേശിച്ചുവെന്നും അതിനാലാണ് മരുന്നുകൾ പാഴായതെന്നും നാട്ടുകാർ ആരോപിക്കുന്നു.
പണ്ടപള്ളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കാലവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രി ക്വാർട്ടേർസിന് സമീപം കൂട്ടിയിട്ട നിലയിലാണ്. ഇവയെല്ലാം 2018 മുതല്‍ 2022 ഡിസംബർ മാസം വരെയുള്ള പല സമയങ്ങളിലായി കാലാവധി തീർന്ന മരുന്നുകളാണ്. ഇത്തരത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രി അധികൃതർ ആൾക്കാർ കയറാത്ത അടച്ചുറപ്പുള്ള സുരക്ഷിത സ്ഥലത്ത് പൂട്ടി സൂക്ഷിക്കണമെന്നാണ് ആരോഗ്യവകുപ്പിലെ ചട്ടം. ഇതെല്ലാം കാറ്റിൽ പറത്തിയാണ് പണ്ടപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്വാർട്ടേർസിന് സമീപത്ത് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നത്. ആർക്കും കയറിയിറങ്ങാവുന്ന സ്ഥലമാണിത്.
പൊതുവിപണിയിൽ 300 രൂപയിലധികം വില വരുന്ന ഇൻസുലിൻ 500 പാക്കറ്റിലധികമാണ് ഉപേക്ഷിക്കാനായി ഇട്ടിരിക്കുന്നത്. ആയിരക്കണക്കിന് ഗ്ലൗസുകളും സിറിഞ്ചുകളും തുടങ്ങി നിരവധി മരുന്നുകളും മറ്റും ഉപേക്ഷിക്കാനായി കൂട്ടിയിട്ടിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡോക്ടർ മരുന്ന് പുറത്തേക്ക് കുറിച്ച് നൽകിയെന്ന് രോഗിയായ അനിൽ ആരോപിച്ചു. 30 ഓളം കിടക്കകളുള്ള ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കാൻ ഡോക്ടർമാർ തയ്യാറാവുന്നില്ലെന്നും നാട്ടുകാരനായ സിനിൽ പരാതി ഉന്നയിച്ചു.
എത്ര ലക്ഷം രൂപയുടെ മരുന്നുകളാണ് ഉപേക്ഷിക്കാനായി ഇട്ടിരിക്കുന്നതെന്ന് വിശദമായി പരിശോധിച്ചാലേ മനസിലാകു. എന്നാൽ വര്‍ഷങ്ങളായി കാലാവധി തീർന്ന മരുന്നുകള്‍ നശിപ്പിക്കാതെ വന്നതാണ് ഇത്രയധികം ഉണ്ടാകാൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.